കൊല്ലം : ബസിറങ്ങി നടന്നുപോയ ഭാര്യയെ ഭർത്താവ് പിന്തുടർന്നെത്തി വെട്ടിപ്പരിക്കേൽപ്പിച്ചു. തമിഴ്നാടു സ്വദേശിയായ ഭർത്താവിനെ നാട്ടുകാർ പിടികൂടി പോലീസിന് കൈമാറി. കേരളപുരം ജങ്ഷനുസമീപം ലെവൽ ക്രോസിൽ വ്യാഴാഴ്ച രാത്രി 7.30-നായിരുന്നു സംഭവം. ചന്ദനത്തോപ്പിൽ വീട്ടുപകരണങ്ങളുടെ വിൽപ്പനശാലയിലെ ജീവനക്കാരി പെരുമ്പുഴ ചിറയടി നീതുഭവനിൽ നീതു(28)വിനുനേർക്കാണ് ആക്രമണമുണ്ടായത്. ഭർത്താവ് മരംകയറ്റത്തൊഴിലാളി വിക്രം (അംഗപ്പൻ) ആണ് പിടിയിലായത്. കൊടുവാളു കൊണ്ട് യുവതിയുടെ കഴുത്തിനുനേരേയാണ് വെട്ടിയത്.
ഒഴിഞ്ഞു മാറിയതു കൊണ്ട് തോളിനും കൈയ്ക്കും പരിക്കേറ്റു. കുടുംബകലഹമാണ് ആക്രമണത്തിനുപിന്നിലെന്ന് വിക്രം പോലീസിനോട് പറഞ്ഞു. സാരമായി പരിക്കേറ്റ നീതുവിനെ കൊല്ലത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വിക്രത്തിനും പരിക്കുണ്ട്. ഇയാൾ സ്വയം പരിക്കേൽപ്പിച്ചതാണെന്ന് പോലീസ് കരുതുന്നു. ഇയാളെ പോലീസ് പാരിപ്പള്ളി മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. ആറുമാസം മുമ്പും വിക്രം നീതുവിനുനേരേ ആക്രമണം നടത്തി. ഇത് സംബന്ധിച്ച് കുണ്ടറ പോലീസിൽ പരാതി നൽകിയിരുന്നു. ഇതിനുശേഷം വിക്രം ഒളിവിലായിരുന്നെന്ന് യുവതിയുടെ പിതാവ് പറഞ്ഞു.