പട്ന: മുഖ്യമന്ത്രി നിതീഷ് കുമാറുമായി തനിക്ക് അഭിപ്രായ ഭിന്നതയില്ലെന്നു കേന്ദ്രമന്ത്രി ആർ.സി.പി.സിങ്. ജനതാദൾ (യു) ആർ.സി.പി.സിങ്ങിനു രാജ്യസഭാ സീറ്റു നിഷേധിക്കുമെന്ന അഭ്യൂഹങ്ങൾക്കിടെയാണു വിശദീകരണം. രാജ്യസഭയിൽ തുടർച്ചയായി രണ്ടു ടേം പൂർത്തിയാക്കുന്ന ആർ.സി.പി.സിങ്ങിനു വീണ്ടും അവസരം നൽകില്ലെന്നു സൂചനകളുണ്ട്.
രാജ്യസഭാ സ്ഥാനാർഥി വിഷയത്തിൽ നിതീഷ് കുമാർ മൗനം തുടരുന്നതാണ് അഭ്യൂഹങ്ങൾക്കിടയാക്കുന്നത്. ആർ.സി.പി.സിങ്ങിന്റെ ട്വിറ്റർ ഹാൻഡിലിൽനിന്നു ജെഡിയു വിലാസം അപ്രത്യക്ഷമായത് പാർട്ടി നേതൃത്വവുമായുള്ള ഭിന്നതയുടെ സൂചനയായും വ്യാഖ്യാനിക്കപ്പെടുന്നു.നിതീഷ് കുമാറിന്റെ വിശ്വസ്തനായിരുന്ന ആർ.സി.പി.സിങ് കേന്ദ്രമന്ത്രിയായ ശേഷമാണ് പ്രശ്നങ്ങൾ തുടങ്ങിയത്. ജെഡിയുവിന്റെ കേന്ദ്രമന്ത്രിസഭാ പ്രവേശനത്തിനു ബിജെപി നേതൃത്വവുമായി ചർച്ച നടത്താൻ നിതീഷ് ചുമതലപ്പെടുത്തിയിരുന്നത് പാർട്ടി അധ്യക്ഷനായിരുന്ന ആർ.സി.പി.സിങ്ങിനെയാണ്.
കേന്ദ്രമന്ത്രിസഭയിൽ രണ്ടു പ്രതിനിധികളെയാണ് നിതീഷ് നിർദേശിച്ചിരുന്നത്. ആർ.സി.പി.സിങ്ങിനൊപ്പം ലലൻ സിങ്ങും കേന്ദ്രമന്ത്രിയാകണമെന്നായിരുന്നു നിതീഷിന്റെ താൽപര്യം. എന്നാൽ ചർച്ച നടത്തിയ ആർ.സി.പി.സിങ് ഒരു കേന്ദ്രമന്ത്രി സ്ഥാനമെന്ന ബിജെപിയുടെ വ്യവസ്ഥയ്ക്കു വഴങ്ങി സ്വയം കേന്ദ്രമന്ത്രിയായി. തുടർന്ന് ആർ.സി.പി.സിങ്ങിനെ പാർട്ടി അധ്യക്ഷ സ്ഥാനത്തുനിന്നു രാജിവയ്പിച്ചു. പകരം ലലൻ സിങ്ങിനെ നിയമിച്ചു. ആർ.സി.പി.സിങ്ങിനു രാജ്യസഭാ സീറ്റു നിഷേധിക്കപ്പെട്ടാൽ പാർട്ടി വിട്ടേക്കുമെന്നാണു സൂചന. ആർ.സി.പി.സിങ്ങിനെ മുൻനിർത്തി ജെഡിയു പിളർക്കാൻ ബിജെപി അണിയറ നീക്കം നടത്തുന്നതായും കിംവദന്തികളുണ്ട്.