ഡാവോസ്: ഗോതമ്പ് കയറ്റുമതി നിരോധനം ഉടൻ നീക്കം ചെയാൻ പദ്ധതിയില്ലെന്ന് കേന്ദ്ര വാണിജ്യ മന്ത്രി പിയുഷ് ഗോയൽ. എന്നാൽ മറ്റുരാജ്യങ്ങളുമായുള്ള നേരിട്ടുള്ള കയറ്റുമതി ഇടപാടുകൾ തുടരുമെന്നും അദ്ദേഹം പറഞ്ഞു. ലോകത്തിലെ രണ്ടാമത്തെ ഗോതമ്പ് ഉദ്പാദകരായ ഇന്ത്യ മെയ് 14 നാണ് ഗോതമ്പിന്‍റെ കയറ്റുമതി വിലക്കിയത്.
ഉഷ്ണതരംഗം കാരണം ഉദ്പാദനം കുറഞ്ഞതും ആഭ്യന്തര വിപണികളിൽ ഗോതമ്പിനുണ്ടായ വില വർധനവുമാണ് വിലക്കിന് കാരണമായത്. യുക്രൈൻ-റഷ്യ യുദ്ധം ആരംഭിച്ചതോടെ ആഗോളവിപണിയിൽ ഗോതമ്പിന് ക്ഷാമം നേരിട്ടിരുന്നു.ഇന്ത്യയും ഗോതമ്പ് കയറ്റുമതി വിലക്കിയതോടെ ആഗോള വിപണിയിൽ ഗോതമ്പിന്‍റെ വിലയിൽ വൻ കുതിപ്പാണുണ്ടായത്. നിലവിൽ ലോകത്ത് അസ്ഥിരതയുണ്ടെന്നും ഇപ്പോൾ നിരോധനം പിൻവലിച്ചാൽ അത് കരിചന്തക്കാരെയും പൂഴ്ത്തിവെപ്പുകാരെയും സഹായിക്കുകയുള്ളൂ എന്നും ആവശ്യക്കാരായ രാജ്യങ്ങളെ അത് സഹായിക്കില്ലെന്നും മന്ത്രി പറഞ്ഞു. കൂടാതെ ലോക വ്യാപാര സംഘടന, അന്താരാഷ്ട്ര നാണയ നിധി എന്നിവയെ ഗോതമ്പ് കയറ്റുമതി വിലക്കിനു പിന്നിലെ കാരണം അറിയിച്ചതായും അദ്ദേഹം കൂട്ടിച്ചേർത്തു.വേൾഡ് എക്നോമിക് ഫോറത്തിൽ പങ്കെടുക്കവെ നൽകിയ അഭിമുഖത്തിലാണ് ഗോയൽ നിലപാട് വ്യക്തമാക്കിയത്.
ഇന്ത്യ ഗോതമ്പ് കയറ്റുമതി നിരോധിച്ചതിനെതിരെ ജി7 രാജ്യങ്ങളടക്കം രംഗത്തുവന്നിരുന്നു. ഇന്ത്യയുടെ തീരുമാനം പുനപരിശോധിക്കാനും അവർ ആവശ്യപ്പെട്ടിരുന്നു. അമേരിക്കൻ അഗ്രികൾച്ചറൽ സെക്രട്ടറി ടോം വിൽസാക് ഇന്ത്യയുടെ നടപടിയിൽ ആശങ്ക അറിയിച്ചിരുന്നു.