കൊച്ചി : ക്വട്ടേഷൻ പ്രകാരമുള്ള പീഡനത്തെ അതിജീവിച്ച നടിക്കു സർക്കാരിന്റെ പൂർണ പിന്തുണയുണ്ടെന്നും തുടരന്വേഷണം അട്ടിമറിച്ചെന്ന ആരോപണം തെറ്റാണെന്നും ഹൈക്കോടതിയിൽ സംസ്ഥാന സർക്കാരിന്റെ വാദം. ആദ്യഘട്ടത്തിൽ സ്വതന്ത്ര അന്വേഷണം അനുവദിച്ച സർക്കാർ, രാഷ്ട്രീയ നേട്ടം ഉറപ്പാക്കി പിൻവാങ്ങുകയാണെന്ന് ആരോപിച്ച് അതിജീവിത നൽകിയ ഹർജിയിലാണു പ്രോസിക്യൂഷൻ ഡയറക്ടർ ജനറൽ (ഡിജിപി) ടി.എ. ഷാജി ഇക്കാര്യം അറിയിച്ചത്.
സർക്കാർ ഒപ്പമില്ലെന്ന നടിയുടെ ഭീതി അനാവശ്യമാണ്; കേസിൽ രാഷ്ട്രീയം കലർത്തരുത്. അനവസരത്തിലുള്ള ഹർജി പിൻവലിക്കണമെന്നും ഡിജിപി കൂട്ടിച്ചേർത്തെങ്കിലും സർക്കാരിന് അങ്ങനെ പറയാനാവില്ലെന്നു കോടതി പ്രതികരിച്ചു. ആരോപണങ്ങളിൽ സർക്കാർ വിശദീകരണ പത്രിക നൽകണമെന്നു ജസ്റ്റിസ് സിയാദ് റഹ്മാൻ നിർദേശിച്ചു. ഹർജി നാളെ വീണ്ടും പരിഗണിക്കും. ഓരോ ഘട്ടത്തിലും നടിയുടെ താൽപര്യം സംരക്ഷിച്ചാണു മുന്നോട്ടുപോകുന്നതെന്നു ഡിജിപി പറഞ്ഞു. സ്പെഷൽ പ്രോസിക്യൂട്ടർ നിയമനത്തിനു മുഖ്യമന്ത്രിയുടെ നിർദേശപ്രകാരം നടിയുടെ അഭിപ്രായം ചോദിച്ചിരുന്നു. രണ്ടു ദിവസം മുൻപു അഭിഭാഷക മുഖേന അവർ 2 പേരുകൾ നിർദേശിച്ചു. യോഗ്യത വിലയിരുത്തി സർക്കാരിനു ശുപാർശയും നൽകി.
തുടരന്വേഷണം നടക്കുന്നില്ലെന്നു നടിയുടെ അഭിഭാഷക ആരോപിച്ചു. ഈമാസം 30ന് അകം തുടരന്വേഷണം പൂർത്തിയാക്കാനാണു ഹൈക്കോടതി നിർദേശമെന്നും കൂടുതൽ സമയം വേണ്ടിവരുമെന്നും ഡിജിപി പറഞ്ഞു. സമയപരിധി നിശ്ചയിച്ചതു മറ്റൊരു ബെഞ്ച് ആണെന്നും അക്കാര്യത്തിൽ ഇടപെടാനാവില്ലെന്നും കോടതി പറഞ്ഞു. വിചാരണ നീളുമെന്നതിനാൽ പ്രതികളെക്കൂടി ഹർജിയിൽ കക്ഷി ചേർക്കേണ്ടിവരുമെന്നും വ്യക്തമാക്കി.
ദൃശ്യങ്ങൾ ഉൾപ്പെട്ട മെമ്മറി കാർഡ് അനധികൃതമായി പരിശോധിച്ചന്ന പരാതിയിൽ വിചാരണക്കോടതിയുടെ റിപ്പോർട്ട് തേടണമെന്നു ഡിജിപി ആവശ്യപ്പെട്ടെങ്കിലും സർക്കാരിന്റെ വിശദീകരണം വന്ന ശേഷം അതു പരിശോധിക്കാമെന്നു കോടതി പ്രതികരിച്ചു.