കൊച്ചി: പരസ്യപ്രചാരണം തീരാൻ നാലു ദിവസം ശേഷിക്കേ തൃക്കാക്കരയിൽ പോരാട്ടം മുറുകി. നവമാധ്യമങ്ങളിലൂടെ എതിരാളികൾ അപമാനിക്കുന്നുവെന്നാരോപിച്ച് ജോ ജോസഫിൻറെ ഭാര്യ രംഗത്ത് വന്നു. സൈബർ ആക്രമണത്തോട് യോജിപ്പില്ലെന്നും വ്യാജ വീഡിയോക്ക് പിന്നിൽ പങ്കില്ലെന്നും യുഡിഎഫും ബിജെപിയും പറഞ്ഞു.അവസാനലാപ്പിൽ മുതിർന്നനേതാക്കാൾ താഴെത്തട്ടിലിറങ്ങിയാണ് മൂന്ന് മുന്നണികൾക്കും വോട്ടുറപ്പിക്കുന്നത്. പ്രചാരണം മുറുകുന്നതിനിടെ തൃക്കാക്കരയിലെ പ്രധാന ചർച്ച ജോയ്ക്കെതിരായ വ്യാജ അശ്ലീല വീഡിയോ ആണ്. പ്രചാരണത്തിന് പിന്നിൽ യുഡിഎഫാണെന്ന് സിപിഎം ഇന്നലെ ആരോപിച്ചിരുന്നു. സൈബർ ആക്രമണത്തിനെതിരെ ജോയുടെ ഭാര്യ ദയാ പാസ്ക്കൽ പ്രതികരണവുമായെത്തി.
“ക്രൂരമായ സൈബർ ആക്രമണമാണ് നേരിടുന്നത്. എല്ലാ പരിധികളും വിടുന്ന അവസ്ഥയാണ്.വ്യാജ വീഡിയോ പ്രചരിപ്പിക്കുന്നു. ഇലക്ഷന് ശേഷവും ഞങ്ങൾക്ക് ജീവിക്കണ്ടേ. ഞങ്ങളുടെ കുട്ടികൾക്ക് പഠിക്കണ്ടേ. എതിർ പാർട്ടിയിലെ നേതാക്കൾ ഇത് ശ്രദ്ധിക്കണ്ടതല്ലേ. അണികളോട് പറയേണ്ടതല്ലേ. ക്രൂരതയ്ക്ക് വിട്ടു കൊടുക്കുന്നത് ശരിയാണെന്നു കരുതുന്നുണ്ടോ..? ആരോഗ്യകരമായ മത്സരമല്ലേ വേണ്ടത്. ട്രോളുകൾ കാര്യമാക്കിയിരുന്നില്ല.കുടുംബത്തെ ബാധിച്ചപ്പോൾ പ്രതികരിക്കേണ്ടേ..?” ദയാ പാസ്ക്കൽ ചോദിക്കുന്നു.
തൃക്കാക്കരയിലേത് രാഷ്ട്രീയ പോരാട്ടമാണെന്ന് വ്യക്തമാക്കിയ ഉമ തോമസ്, വ്യക്തിപരമായ ആക്രമണങ്ങൾ അംഗീകരിക്കാനാകില്ലെന്നും പറഞ്ഞു. കുടുംബത്തെ പോലും ബാധിക്കുന്ന സൈബര്‍ ആക്രമണങ്ങൾ എതിർക്കപ്പെടേണ്ടതാണെന്ന് എൻഡിഎ സ്ഥാനാര്‍ഥി എഎൻ രാധാകൃഷ്ണനും വ്യക്തമാക്കി.മുഖ്യമന്ത്രിയുടെ കൺവെൻഷനുകൾ തുടരുകയാണ്. സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി മണ്ഡലത്തിൽ സജീവമാണ്. യുഡിഎഫ് ക്യാമ്പിന് ആവേശം പകരാൻ നാളെ എ കെ ആന്റണി എത്തും.