ദില്ലി : തനിക്കെതിരെയുള്ള സിബിഐ കേസ് വ്യാജമെന്ന് മുൻ കേന്ദ്രമന്ത്രിയും കോൺഗ്രസ് നേതാവുമായ പി ചിദംബരത്തിന്റ മകൻ കാർത്തി ചിദംബരം. സിബിഐയുടെ ചോദ്യം ചെയ്യൽ തൽസമയം സംപ്രേക്ഷണം ചെയ്താൽ കേസ് എത്ര പൊള്ളയാണെന്ന് മനസിലാകുമെന്നും കാർത്തി ചിദംബരം പറഞ്ഞു.
ചൈനീസ് പൗരന്മാർക്ക് വീസ നൽകുവാൻ അൻപത് ലക്ഷം രൂപ കോഴ വാങ്ങിയെന്ന കേസിൽ കാർത്തി ചിദംബരത്തെ സിബിഐ ഇന്ന് ചോദ്യം ചെയ്തിരുന്നു. രാവിലെ പത്ത് മണിയോടെ കാർത്തി സിബിഐ ആസ്ഥാനത്ത് ചോദ്യം ചെയ്യലിന് ഹാജരായി. കേസുമായി തനിക്ക് യതൊരു ബന്ധവുമില്ലെന്ന് കാർത്തി പ്രതികരിച്ചു. നേരത്തെ ഈ കേസുമായി ബന്ധപ്പെട്ട് കാർത്തിയുടെ മൂൻകൂർ ജാമ്യം കോടതി തള്ളിയിരുന്നു. അന്വേഷണവുമായി സഹകരിക്കാൻ കോടതി കാർത്തിക്ക് നിർദ്ദേശം നൽകിയിരുന്നു.