പട്യാല : ജയിൽ ശിക്ഷ നേരിടുന്ന മുൻ കോൺഗ്രസ് അധ്യക്ഷൻ നവ്ജ്യോത് സിംഗ് സിദ്ദു ജയിലിൽ ക്ലർക്ക്. ശിക്ഷ അനുഭവിക്കാൻ പാർപ്പിച്ചിരിക്കുന്ന പട്യാല സെൻട്രൽ ജയിലിലെ ക്ലർക്കായാണ് സിദ്ദുവിന് ജോലി നൽകിയിരിക്കുന്നത്. ബാരക്ക് നമ്പർ 7ൽ തടവിൽ കഴിയുന്ന 241383 നമ്പർ തടവുകാരനാണ് സിദ്ദു. സിദ്ദു സെല്ലിൽ ഇരുന്ന് ജോലി ചെയ്യുമെന്നും സുരക്ഷാ കാരണങ്ങളാൽ ജോലിക്ക് പുറത്തിറങ്ങില്ലെന്നും ജയിൽ അധികൃതർ പറയുന്നു.
ഫയലുകൾ സിദ്ദുവുന്റെ ബാരക്കിലേക്ക് അയയ്ക്കും. ആദ്യത്തെ മൂന്ന് മാസംപ്രതികൾക്ക് വേതനമില്ലാതെ പരിശീലനം നൽകും. ശേഷം ദിവസം 30 മുതൽ 90 രൂപ വരെ വേതനം നൽകും. ഇത് സിദ്ദുവിന്റെ ബാങ്ക് അക്കൌണ്ടിലേക്ക് കൈമാറും. എട്ട് മണിക്കൂറാണ് ജോലി. ദൈർഘ്യമേറിയ കോടതി വിധികൾ എങ്ങനെ സംക്ഷിപ്തമാക്കാമെന്നും ജയിൽ രേഖകൾ എങ്ങനെ കംപൈൽ ചെയ്യാമെന്നും 58 കാരനായ സിദ്ദുവിനെ പഠിപ്പിക്കുമെന്ന് ജയിൽ അധികൃതർ പറഞ്ഞു.
നവജ്യോത് സിദ്ദു ജയിലിൽ പ്രത്യേക ഭക്ഷണക്രമം തേടിയിട്ടുണ്ടെന്ന് അദ്ദേഹത്തിന്റെ അഭിഭാഷകൻ അറിയിച്ചു. ഗോതമ്പ്, പഞ്ചസാര, മൈദ, മറ്റ് ചില ഭക്ഷണപദാർത്ഥങ്ങൾ എന്നിവ നവജ്യോത് സിദ്ദുവിന് കഴിക്കാൻ കഴിയില്ലെന്ന് സിദ്ദുവിനെ പരിശോധിച്ച ഡോക്ടർമാരുടെ പാനൽ പറഞ്ഞു. പാനൽ നിർദ്ദേശിച്ച പ്രകാരം ദിവസം ഏഴ് പ്രാവശ്യം ഭക്ഷണം നൽകുന്ന പ്രത്യേക ഡയറ്റിന് കോടതി അനുമതി നൽകിയിട്ടുണ്ട്. 1988 ഡിസംബർ 27ന് പാട്യാല നിവാസിയായ ഗുർനാം സിംഗിനെ കൊല്ലപ്പെടുത്തിയ കേസിലാണ് സിദ്ദു ജയിൽ ശിക്ഷ അനുഭവിക്കുന്നത്.