കൊച്ചി : നടിയെ ബലാത്സംഗം ചെയ്ത കേസിൽ വിദേശത്ത് ഒളിവിൽ കഴിയുന്ന നടൻ വിജയ് ബാബു കേരളത്തില്‍ തിരിച്ച് വരുന്നത് വരെ ഇടക്കാല ജാമ്യം നൽകാമെന്ന് ഹൈക്കോടതി. അതിന് ശേഷം ജാമ്യാപേക്ഷ പരിഗണിക്കാമെന്നും കോടതി അറിയിച്ചു. നിയമത്തിൽ നിന്ന് ഒളിച്ചോടിയ ആളാണ് വിജയ് ബാബു എന്ന് പ്രോസിസിക്യൂഷൻ കോടതിയില്‍ പറഞ്ഞു. വിജയ് ബാബുവിന് ജാമ്യം നൽകരുതെന്ന് എഡിജിപിയും അഭ്യര്‍ത്ഥിച്ചു.
ഇടക്കാല ജാമ്യം അനുവദിക്കുന്ന കാര്യത്തിൽ നിലപാട് എടുക്കാൻ സമയം വേണമെന്ന് പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചു. അതിനാല്‍ ഇന്ന് ഇടക്കാല ഉത്തരവ് ഇറക്കിയില്ല. കേസ് നാളത്തേക്ക് മാറ്റി. ഈ മാസം 30 ന് വിജയ് ബാബു കേരളത്തിലേക്ക് വന്നില്ലെങ്കിൽ ജാമ്യാപേക്ഷ തള്ളുമെന്നും കോടതി വ്യക്തമാക്കിയിട്ടുണ്ട്. ഇതിനിടെ പരാതിക്കാരിയായ നടിയുമായി താൻ സൗഹൃദത്തിലായിരുന്നെന്നും ഉഭയകക്ഷി സമ്മതപ്രകാരമാണ് ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടതെന്നുമാണ് വിജയ് ബാബു കോടതിയെ അറിയിച്ചിരിക്കുന്നത്.
നടിയുമായുളള വാട്സ് ആപ് ചാറ്റുകളുടെ പകർപ്പുകളും വിജയ് ബാബു കോടതിയില്‍ ഹാജരാക്കിയിട്ടുണ്ട്. ഉഭയ സമ്മതപ്രകാരമാണ് പരാതിക്കാരിയുമായി ലൈംഗിക ബന്ധത്തിലേർപ്പെട്ടത്. പരാതിക്കാരിക്ക് താൻ പലപ്പോഴായി പണം നൽകിയിട്ടുണ്ടെന്നും സിനിമയിൽ കൂടുതൽ അവസരം വേണമെന്ന ആവശ്യം താൻ നിരസിച്ചതോടെയാണ് ബലാത്സംഗ പരാതിയുമായി രംഗത്തെത്തിയതെന്നുമാണ് വിജയ് ബാബുവിന്‍റെ നിലപാട്. മാർച്ച് 16 ന് ഡി ഹോംസ് സ്യൂട്ട്സ് അപ്പാർട്ട്മെന്റിൽ വച്ചും മാർച്ച് 22 ന് ഒലിവ് ഡൗൺ ടൗൺ ഹോട്ടലിൽ വച്ചും പീഡിപ്പിച്ചെന്നാണ് പരാതി.
എന്നാൽ, വിജയ് ബാബു പരാതി നിഷേധിച്ചു. 2018 മുതൽ പരാതിക്കാരിയെ അറിയാം. സിനിമയിൽ അവസരത്തിനുവേണ്ടി നിരന്തരം ബന്ധപ്പെട്ടിരുന്നു. നടി പലതവണയായി പണം കടം വാങ്ങിയിട്ടുണ്ട്. തൻ്റെ ഉടമസ്ഥതയിലുള്ള ബ്യൂട്ടി ക്ളിനിക്കിൽ നടി ഏപ്രിൽ 12 എത്തിയിരുന്നു. ഇവിടെ വച്ച് ഭാര്യയുമായി സംസാരിച്ചതിന്റെ സി.സി. ടി.വി ദ്യശ്യങ്ങളുണ്ട്. പീഡനം നടന്നെന്നു പറയുന്ന തീയതിക്കു ശേഷമാണ് ഇത്. ഏപ്രിൽ 14 നു നടി മറൈൻഡ്രൈവിലെ ലിങ്ക് ഹൊറൈസൺ ഫ്ളാറ്റിൽ വന്നിരുന്നു. പുതിയ ചിത്രത്തിലെ നായികയോട് നടി ഇവിടെ വെച്ച് ദേഷ്യപെട്ടുവെന്നും വിജയ് ബാബു കോടതിയിൽ നൽകിയ രേഖകളിൽ വ്യക്തമാക്കുന്നുണ്ട്. ദുബായ് സർക്കാർ നൽകുന്ന ഗോൾഡൻ വിസയ്ക്കു വേണ്ടി പേപ്പറുകൾ ശരിയാക്കനാണ് ഏപ്രിൽ 24 ന് താൻ ദുബായിലെത്തിയത് എന്നും വിജയ് ബാബു പറയുന്നു.