മലപ്പുറം : കരിപ്പൂരിൽ പിടിയിലായ വിമാന ജീവനക്കാരൻ ആറ് തവണ സ്വർണ്ണം കടത്തിയെന്ന് മൊഴി. ആറ് തവണയായി 8.5 കിലോ സ്വർണ്ണമാണ് ഇയാള്‍ കടത്തിയത്. കടത്തിയുടെ സ്വർണ്ണത്തിന്‍റെ മൂല്യം ഏതാണ്ട് നാലര കോടിയോളം രൂപ വരും.
എയർ ഇന്ത്യ കാബിൻ ക്രൂ നവനീത് സിംഗ് ഇന്നലെയാണ് സ്വർണ്ണം കടത്തിയതിന് പിടിയിലായത്. ഡൽഹി സ്വദേശിയാണ് നവനീത് സിംഗ്. കസ്റ്റംസാണ് ഇന്നലെ നവനീതിനെ കസ്റ്റഡിയിൽ എടുത്തത്. ഷൂവിനുള്ളിൽ സ്വർണ്ണം ഒളിപ്പിച്ചു കടത്തുന്നതിനിടെ ആണ് ഇയാൾ പിടിയിലായത്. 65 ലക്ഷത്തോളം രൂപ വിലമതിക്കുന്ന സ്വർണ്ണമാണ് ഇയാള്‍ ഷൂവിൽ ഒളിപ്പിച്ചത്. ദുബായിൽ നിന്നാണ് സ്വര്‍ണ്ണം കൊണ്ടുവന്നത്. ചോദ്യം ചെയ്യലിൽ നിന്നാണ് കൂടുതൽ കാര്യങ്ങൾ പുറത്തു വന്നത്.
അതേസമയം, കണ്ണൂർ വിമാനത്താവളത്തിൽ രണ്ട് സംഭവങ്ങളിലായി ഇന്ന് 30 ലക്ഷം രൂപ വിലമതിക്കുന്ന 658 ഗ്രാം സ്വർണം പിടികൂടി. വിമാനത്താവളത്തിനുള്ളിലെ ബാത്റൂമിൽ ഉപേക്ഷിച്ച നിലയിലാണ് 268 ഗ്രാം സ്വർണ്ണം കണ്ടെത്തിയത്. കർണാടകയിലെ ഭട്കൽ സ്വദേശി മുഹമ്മദ് ഡാനിഷിൽ നിന്നുമാണ് ശേഷിച്ച സ്വർണം പിടികൂടിയത്. ഡിആർഐയും കസ്റ്റംസും നടത്തിയ പരിശോധനയിലാണ് സ്വർണം പിടികൂടിയത്.