വൈക്കം : ക്രീം ബണ്ണിൽ ക്രീം കുറവെന്ന് ആരോപിച്ച് യുവാക്കൾ ബേക്കറി ഉടമയെയും കുടുംബത്തെയും ആക്രമിച്ചതായി പരാതി. വൈക്കം താലൂക്ക് ആശുപത്രിയുടെ പുതിയ ഗേറ്റിനു സമീപം പ്രവർത്തിക്കുന്ന ഉണ്ണി ആൻഡ് സൺസ് ബേക്കറി ഉടമ മുട്ടത്തേഴത്ത് ശിവകുമാർ (53), ഭാര്യ കവിത (43), മക്കളായ കാശിനാഥ് (17), സിദ്ധി വിനായക് (15), കടയിൽ ചായ കുടിക്കാൻ എത്തിയ വൈക്കം ആലുങ്കൽ വേലായുധൻ (95) എന്നിവരെ ആക്രമിച്ചതായാണ് പരാതി. ഇവരെ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വേലായുധന്റെ കൈ ഒടിഞ്ഞതായി കട ഉടമ പറഞ്ഞു.
ബുധനാഴ്ച വൈകിട്ട് 5നാണ് സംഭവം. സംഘർഷത്തിൽ പരുക്കേറ്റ ബണ്ണ് വാങ്ങിയ പഞ്ഞിപ്പാലം കൊമ്പുതടത്തിൽ രഞ്ജീഷിനെ (34) താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ച ശേഷം മെഡിക്കൽ കോളജിലേക്കു മാറ്റി.
ബേക്കറിയിൽ ചായ കുടിക്കാനെത്തിയ ആറംഗ സംഘത്തിൽ ഒരാൾ വാങ്ങിയ ബണ്ണിൽ ക്രീം കുറവാണെന്ന് ആരോപിച്ചാണ് തർക്കമുണ്ടായത്. ബേക്കറി ഉടമയുടെ ഭാര്യ കവിത യുവാക്കളെ അനുനയിപ്പിക്കാൻ ശ്രമിച്ചെങ്കിലും യുവാക്കൾ ഭർത്താവ് ശിവകുമാറിനെ ആക്രമിച്ചു. തുടർന്ന് തലയ്ക്ക് മേജർ ശസ്ത്രക്രിയ കഴിഞ്ഞ് വിശ്രമിക്കുന്ന തന്നെയും മക്കളെയും യുവാക്കൾ മർദിച്ചതായി കവിത പറഞ്ഞു. ബേക്കറിയിൽ ഉണ്ടായിരുന്ന സാധനങ്ങൾ അക്രമികൾ നശിപ്പിച്ചതായും ഏകദേശം 20,000 രൂപയുടെ നഷ്ടം കണക്കാക്കുന്നുവെന്നും അവർ പറഞ്ഞു.