കൊച്ചി: ലൈംഗിക പീഡനക്കേസിൽ നിർമാതാവ് വിജയ് ബാബുവിനെ നാട്ടിലെത്തിയ ശേഷം അറസ്റ്റു ചെയ്താൽ മതിയാകില്ലേ എന്നു ഹൈക്കോടതി. എവിടെയാണെങ്കിലും അറസ്റ്റ് അനിവാര്യമാണെന്നു സർക്കാർ അഭിഭാഷകൻ കോടതിയെ അറിയിച്ചു. കേസ് പരിഗണിക്കുമ്പോൾ ജാമ്യഹർജിയിൽ തീരുമാനം ഉണ്ടായശേഷം മറ്റു നടപടികളിലേയ്ക്കു കടക്കണമെന്നു കാട്ടി വിജയ് ബാബുവിന്റെ അഭിഭാഷകൻ സത്യവാങ്മൂലം സമർപ്പിച്ചിരുന്നു. ഇതിനെതിരെ ശക്തമായ നിലപാടാണ് അതിജീവിത കോടതിയിൽ സ്വീകരിച്ചത്.
പ്രതി മുൻകൂർ ജാമ്യ വ്യവസ്ഥ തീരുമാനിക്കുന്ന സാഹചര്യം അനുവദിക്കരുതെന്നു കേസിലെ അതിജീവിത ഹൈക്കോടതിയിൽ അഭ്യർഥിച്ചു. മുൻവിധിയോടെ കാര്യങ്ങളെ കാണരുത്. പ്രതിക്ക് ഒരു കാരണവശാലും ജാമ്യം അനുവദിക്കരുതെന്നും അതിജീവിത കോടതിയിൽ വാദിച്ചു. മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി വെള്ളിയാഴ്ച പരിഗണിക്കുന്നതിനു മാറ്റിവച്ചു.