ന്യൂയോർക്ക്: അപൂർവ കരൾരോഗം ബാധിച്ച് ആറ് കുട്ടികൾ മരിച്ചതോടെ ആശയക്കുഴപ്പത്തിലായി ആരോഗ്യ വിദഗ്ധർ. അമേരിക്കയിൽ മാത്രം രോഗം സംശയിക്കുന്ന 180 കേസുകൾ കണ്ടെത്തിയിട്ടുണ്ട്. ആശുപത്രിയിൽ പ്രവേശിപ്പിച്ച 15 കുട്ടികൾക്ക് കരൾ മാറ്റിവെക്കണമെന്ന് യു.എസ് സെന്‍റർ ഫോർ ഡിസീസ് കൺട്രോൾ ആന്‍റ് പ്രിവൻഷൻ (സി.ഡി.സി) റിപ്പോർട്ട് ചെയ്തു. 20 രാജ്യങ്ങളിലായി നൂറിൽ കൂടുതൽ കേസുകൾ സ്ഥിരീകരിച്ചിട്ടുണ്ട്. അമേരിക്കയിലും യു.കെയിലുമാണ് ഏറ്റവും കുടുതൽ.
രോഗം ബാധിച്ച കുട്ടികളിലെല്ലാം പൊതുവായി അഡിനോവൈറസ് 41 എന്ന സ്റ്റൊമക് ബഗ് കണ്ടെത്തിയിട്ടുണ്ട്. എന്നാൽ, രോഗകാരണം ഇതാണോയെന്ന് തിരിച്ചറിഞ്ഞിട്ടില്ല. രോഗം ബാധിച്ച കുട്ടികളുടെ രക്തത്തിൽ വൈറസ് ബാധ കണ്ടെത്തിയിട്ടുണ്ടെങ്കിലും കരളിൽ ഇവയുടെ സാന്നിധ്യമില്ലെന്നതും രോഗനിർണയത്തെ ബാധിക്കുന്നുണ്ടെന്ന് ഫ്രാൻസിലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മോളിക്കുലാർ ജെനറ്റിക്സ് ഓഫ് മോൺപെല്ലറിലെ ഗവേഷകൻ എറിക് ക്രെമർ പറഞ്ഞു.സ്റ്റൊമക് ബഗ്ഗിന്‍റെ എണ്ണം, ഇവയുടെ പരിവർത്തനം, കോവിഡ് തുടങ്ങിയവ കാരണമാണോയെന്ന് പരിശോധിക്കുന്നുണ്ട്.