കൊച്ചി: ജാമ്യാപേക്ഷയുമായി പി.സി.ജോർജ് വീണ്ടും ഹൈക്കോടതിയിൽ. തൻ്റെ ജാമ്യം റദ്ദാക്കിയ തിരുവനന്തപുരം മജിസ്ട്രേറ്റ് കോടതി ഉത്തരവ് ചോദ്യം ചെയ്താണ് ജോർജ് ഹൈക്കോടതിയെ സമീപിച്ചത്. മജിസ്ട്രേറ്റ് കോടതി ഉത്തരവ് റദ്ധാക്കണമെന്നാണ് ഹൈക്കോടതിയിൽ നൽകിയ ഹർജിയിൽ ജോർജ് ആവശ്യപ്പെടുന്നത്. കിഴക്കേക്കോട്ട കേസിൽ പിസി ജോർജ് നൽകിയ ജാമ്യ ഹർജി നിലവിൽ കോടതിയുടെ പരിഗണനയിൽ ഉണ്ട്. പുതിയ ഹർജി ജസ്റ്റിസ് സിയാദ് റഹ്മാന്റെ സിംഗിൾ ബഞ്ച് നാളെ പരിഗണിക്കും.നാളെ ഒന്നാം കേസ് ആയിട്ടാവും പുതിയ ഹർജി പരിഗണിക്കുക.
തിരുവനന്തപുരം ഹിന്ദുമഹാ സമ്മേളനത്തിൽ നടത്തിയ വിവാദ പ്രസംഗത്തിൽ കോടതി നൽകിയ ജാമ്യ ഉപാധികൾ ലംഘിച്ചതിന് ഇന്നലെയാണ് പി.സി. ജോർജിന് നൽകിയ ജാമ്യം കോടതി റദ്ദാക്കിയത്. പിന്നാലെ കൊച്ചിയിൽ അറസ്റ്റ് ചെയ്ത ജോർജ്ജിനെ പൊലീസ് അർദ്ധ രാത്രി തിരുവനന്തപുരത്ത് എത്തിച്ചു. ഇന്ന് രാവിലെ കനത്ത സുരക്ഷയിൽ ജഡ്ജിയുടെ ചേംബറിൽ ഹാജരാക്കി. തുടർന്ന് ജോർജിനെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്യുകയായിരുന്നു. തിടുക്കത്തിലുള്ള നടപടികൾക്ക് പിന്നിൽ സർക്കാരെന്ന് ജനറൽ ആശുപത്രിയിൽ വൈദ്യപരിശോധനയ്ക്ക് എത്തിച്ചപ്പോൾ മാധ്യമങ്ങളെ കണ്ട പിസി ജോർജ്ജ് ആരോപിച്ചിരുന്നു.