മുംബൈ: എൻസിപി നേതാവും എംപിയുമായ സുപ്രിയ സുലെയെ അപമാനിച്ച് മഹാരാഷ്ട്ര ബിജെപി നേതാവ് ചന്ദ്രകാന്ത് പാട്ടീൽ. പിന്നാക്ക സംവരണവുമായി ബന്ധപ്പെട്ട് ഇരുപാർട്ടികളും തമ്മിലുള്ള തർക്കം രൂക്ഷമായതിനെ തുടർന്നാണ് ബിജെപി നേതാവ് സുപ്രിയ സുലെക്കെതിരെ സ്ത്രീവിരുദ്ധ പരാമർശം നടത്തിയത്. ‘രാഷ്ട്രീയം മനസിലാകുന്നില്ലെങ്കിൽ വീട്ടിൽ പോയി ഭക്ഷണമുണ്ടാക്കൂ’ എന്നായിരുന്നു ചന്ദ്രകാന്തിന്റെ വിവാദ പരാമർശം. തെരഞ്ഞെടുപ്പിൽ ഒബിസി സംവരണം വേണമെന്നാവശ്യപ്പെട്ട് മഹാരാഷ്ട്രയിൽ ബിജെപി സമരം നടത്തുകയാണ്.
ചന്ദ്രകാന്തിന്റെ പരാമർശത്തിനെതിരെ രൂക്ഷ വിമർശനമുയർന്നു. പാട്ടീലിനെതിരെ സുപ്രിയയുടെ ഭർത്താവ് സദാനന്ദ് സുലെ രംഗത്തെത്തി. ബിജെപി ഒരു സ്ത്രീവിരുദ്ധ പാർട്ടിയാണെന്നും തരംകിട്ടുമ്പോഴെല്ലാം സ്ത്രീകളെ അപമാനിക്കുമെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു. കുടുംബിനിയെന്ന നിലയിലും എന്റെ മക്കളുടെ അമ്മയെന്ന നിലയിലും രാഷ്ട്രീയ ജീവിതം നയിക്കുന്ന സ്ത്രീയെന്ന നിലയിലും ഭാര്യയെ ഓർത്ത് ഞാൻ അഭിമാനിക്കുന്നുവെന്നും കഴിവും പ്രാപ്തിയുമുള്ള കഠിനാധ്വാനികളായ സ്ത്രീകളിൽ ഒരാളാണ് സുപ്രിയ എന്നതിൽ അഭിമാനിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
വിമർശനം കടുത്തതോടെ വിശദീകരണവുമായി ചന്ദ്രകാന്ത് പാട്ടീൽ രംഗത്തെത്തി. തന്റെ വാക്കുകൾ സുപ്രിയ സുലെയെ അപമാനിക്കാൻ ഉദ്ദേശിച്ചുള്ളതല്ലെന്നും ഗ്രാമീണ ശൈലിയുടെ ഭാഗമാണെന്നും ബിജെപി നേതാവ് പറഞ്ഞു. നിങ്ങൾ മനുസ്മൃതിയിൽ വിശ്വസിക്കുന്നുവെന്ന് ഞങ്ങൾക്കറിയാം, പക്ഷേ ഞങ്ങൾ ഇനി നിശബ്ദത പാലിക്കില്ല- എന്നായിരുന്നു സുപ്രിയ സുലെയുടെ പ്രതികരണം.