കൂത്താട്ടുകുളം: പോലീസുകാരെ ആക്രമിച്ച് രക്ഷപെടാനുള്ള പോക്സോ കേസ് പ്രതിയുടെ ശ്രമം പരാജയപ്പെടുത്തി. എറണാകുളം പിറവം മുളക്കുളം സ്വദേശി ആകാശിനെ പിടികൂടുന്നതിനിടയിലാണ് പൊലീസുകാർക്ക് നേരെ ആക്രമണമുണ്ടായത്. 2019ൽ കൂത്താട്ടുകുളത്ത് 14കാരിയെ പീഡിപ്പിച്ച കേസിൽ പ്രതിയാണ് ആകാശ്. ജാമ്യത്തിലിറങ്ങി മുങ്ങിയ ആകാശിനെ തേടിയെത്തിയ കൂത്താട്ടുകുളം പൊലീസിന് നേർക്കായിരുന്നു ആദ്യ ആക്രമണം. പൊലീസ് വാഹനം കണ്ട് കാറെടുത്ത് മുങ്ങിയ ആകാശിനെ പൊലീസുകാർ പിന്തുടർന്നു. കോട്ടയം പെരുവയ്ക്കടുത്ത് കാർ തടഞ്ഞിട്ട് ജീപ്പിൽ നിന്നിറങ്ങിയ കൂത്താട്ടുകുളം എസ്ഐ ശാന്തി ബാബുവിനെ ആകാശ് കാർ ഇടിച്ച് തെറിപ്പിച്ച് രക്ഷപ്പെട്ടു.
പൊലീസുകാർ കൺട്രോൾ റൂമിൽ വിവരം അറിയിച്ചു. ഇതോടെ പാല, രാമപുരം സ്റ്റേഷനുകളിലെ പൊലീസ് ആകാശിനെ തേടി നിരത്തിലിറങ്ങി. പ്രതി രാമപുരത്തേക്ക് വരുന്നുവെന്ന് മനസ്സിലാക്കി മുക്കാനെല്ലിയിൽ പൊലീസ് വാഹനങ്ങൾ റോഡിന് കുറുകെയിട്ട് തടസ്സം സൃഷ്ടിച്ചു. ഇതുകണ്ട് ആകാശ് കാർ മുന്നോട്ടെടുത്ത് രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ പൊലീസ് ജീപ്പിൽ ഇടിച്ചു. നാല് പൊലീസുകാർക്ക് പരിക്കേറ്റു. അപകടത്തിനിടെ നിന്നുപോയ കാറിൽ നിന്നാണ് പ്രതി ആകാശിനെ പൊലീസ് കസ്റ്റഡിയിലെടുത്തത്. അഞ്ച് പൊലീസുകാരുടെയും പരിക്ക് ഗുരുതരമല്ല.പൊലീസിന്‍റെ ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തിയതിനും വാഹനം തകർത്തതിനും കേസെടുത്ത് കോടതിയിൽ ഹാജരാക്കിയ ആകാശിനെ രണ്ടാഴ്ചത്തേക്ക് റിമാൻഡ് ചെയ്തു. പോക്സോയടക്കം നിരവധി കേസുകളിൽ പ്രതിയാണ് ആകാശ്.