ദില്ലി: ഫെഡറൽ സഖ്യ രൂപീകരണ ചർച്ചകളുമായി കെ ചന്ദ്രശേഖർ റാവു ഇന്ന് അണ്ണാഹസാരെയുമായി കൂടിക്കാഴ്ച നടത്തും. അഹമ്മദ്‌നഗറിലെ ഹസാരെയുടെ ജന്മഗ്രാമമായ റാലിഗാൻ സിദ്ദിയിൽ വച്ചാണ് കൂടിക്കാഴ്ച. അണ്ണാഹസാരെയുടെ സാന്നിദ്ധ്യവും അഴിമതി വിരുദ്ധ പ്രതിച്ഛായയും പ്രാദേശിക പാർട്ടികളെ ഒപ്പം നിർത്താൻ ഗുണമാകുമെന്നാണ് കെസിആറിന്റെ കണക്കുകൂട്ടൽ.
രണ്ട് മാസത്തിനകം നിർണ്ണായക പ്രഖ്യാപനമുണ്ടാകുമെന്ന് കഴിഞ്ഞ ദിവസം ചന്ദ്രശേഖർ റാവു വ്യക്തമാക്കിയിരുന്നു. ദേശപര്യടനത്തിൻറെ ഭാഗമായി അരവിന്ദ് കെജ്രിവാൾ, അഖിലേഷ് യാദവ്, ഹേമന്ദ് സോറന്‍, ദേവഗൗഡ,കുമാരസ്വാമി തുടങ്ങിയ നേതാക്കളുമായി കെസിആർ ചർച്ച നടത്തിയിരുന്നു.കോൺഗ്രസില്ലാത്ത മുന്നണി നീക്കത്തിന്റെ ഭാഗമായാണ് കൂടിക്കാഴ്ച.
അടുത്ത വർഷമാണ് തെലങ്കാനായിൽ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്നത്. സംസ്ഥാനം രൂപീകൃതമായ ശേഷം തെലങ്കാനയിൽ കെസിആറും അദ്ദേഹത്തിൻ്റെ പാർട്ടിയായ ടിആർഎസും അധികാരത്തിൽ തുടരുകയാണ്. ശക്തമായ പ്രതിപക്ഷമില്ലാത്ത സംസ്ഥാനത്ത് മൂന്നാം വട്ടവും അധികാരം നിലനിർത്തി 2024-ലെ പൊതുതെരഞ്ഞെടുപ്പിന് മുൻപായി പ്രാദേശിക പാർട്ടികളുടെ ശക്തമായ ഒരു കൂട്ടായ്മ രൂപീകരിക്കുക എന്ന ലക്ഷ്യത്തോടെയാണ് ചന്ദ്രശേഖരറാവു മുന്നോട്ട് നീങ്ങുന്നത്. തെരഞ്ഞെടുപ്പ് തന്ത്രജ്ഞൻ പ്രശാന്ത് കിഷോറിൻ്റെ പിന്തുണയും ഇക്കാര്യത്തിൽ കെസിആറിനുണ്ട്. മമതയും ശരദ് പവാറും അടക്കമുള്ള നേതാക്കളുമായി പ്രശാന്ത് കിഷോറിനുള്ള വ്യക്തിബന്ധം മുന്നണി രൂപീകരണ ചർച്ചകളിൽ നിർണായകമാണ്.