ഒല എസ് 1 പ്രോ ഇലക്ട്രിക് സ്കൂട്ടറിന്റെ മുൻവശത്തെ ഫോർക്ക് തകരുന്നതുമായി ബന്ധപ്പെട്ട സംഭവങ്ങളിൽ വിശദീകരണവുമായി കമ്പനി. നിരവധി ഉപഭോക്താക്കൾ തകർന്ന സ്കൂട്ടറുകളുടെ ചിത്രങ്ങളുമായി സമൂഹ മാധ്യമങ്ങളിലൂടെ രംഗത്തെത്തിയതോടെയാണ് കമ്പനി വിശദീകരണക്കുറിപ്പിറക്കിയത്.ഉയർന്ന ആഘാതത്തിലുള്ള അപകടങ്ങൾ കാരണമാണ് സസ്‌പെൻഷൻ തകരുന്നതെന്നും ഇത് ഒറ്റപ്പെട്ടതാണെന്നുമാണ് കമ്പനിയുടെ വാദം.
”ഒലയുടെ 50,000ത്തിലധികം സ്കൂട്ടറുകൾ ഇന്ന് നിരത്തിലുണ്ട്. ഇതുവരെ, 45 ദശലക്ഷം കിലോമീറ്റർ ഇവ ഇന്ത്യൻ റോഡുകളിൽ സഞ്ചരിച്ചു. അടുത്തിടെ റിപ്പോർട്ട് ചെയ്യപ്പെട്ട സംഭവങ്ങൾ ഒറ്റപ്പെട്ടതാണ്. ഉയർന്ന ആഘാതത്തിലുള്ള അപകടങ്ങൾ മൂലമാണ് ഫോർക്ക് പൊട്ടുന്നത്. ഇന്ത്യയിലെ വിവിധ ഭൂപ്രദേശങ്ങളിലും റൈഡിങ് സാഹചര്യങ്ങളിലും ഞങ്ങളുടെ എല്ലാ സ്കൂട്ടറുകളും കർശന ഗുണനിലവാരവും പ്രകടനവും വിലയിരുത്തുന്നുണ്ട്” എന്നിങ്ങനെയാണ് കമ്പനിയുടെ വിശദീകരണം.
തകർന്ന മുൻവശത്തെ ഫോർക്കിന്റെ ചിത്രം സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ച് ശ്രീനാഥ് മേനോൻ എന്നയാളാണ് ആദ്യ സംഭവം റിപ്പോർട്ട് ചെയ്തത്. 25 കിലോമീറ്റർ വേഗതയിൽ സ്‌കൂട്ടർ മതിലിൽ ഇടിച്ചതിനെ തുടർന്ന് മുൻവശത്തെ ഫോർക്ക് തകർന്നതിന്റെ അനുഭവം മറ്റൊരു ഉപഭോക്താവും പങ്കുവെച്ചു. പിന്നാലെ മറ്റു ചിലരും സമാന ചിത്രങ്ങൾ പങ്കിട്ടു. ഇത്തരം സംഭവങ്ങൾ മാധ്യമങ്ങളിലൂടെയും സമൂഹ മാധ്യമങ്ങളിലൂടെയും പുറത്തുവന്നത് കമ്പനിക്ക് തിരിച്ചടിയായതോടെയാണ് വിശദീകരണത്തിന് നിർബന്ധിതമായത്.തീപിടിത്തം, സോഫ്‌റ്റ്‌വെയർ തകരാറുകൾ, പ്ലാസ്റ്റിക് ഗുണനിലവാര പ്രശ്‌നങ്ങൾ എന്നിവയുമായി ബന്ധപ്പെട്ടും ഉടമകൾ പരാതിയുമായി രംഗത്തെത്തിയിരുന്നു.