ഇറാഖ് : ഇസ്രയേലുമായി ഏതുതരം ബന്ധവും കുറ്റകരമാക്കുന്ന ബിൽ ഇറാഖി പാർലമെന്റ് പാസാക്കി. നിയമം ലംഘിച്ചാൽ ജീവപര്യന്തം തടവോ മരണശിക്ഷയോ ലഭിക്കാം. ഇറാഖിൽ പ്രവർത്തിക്കുന്ന കമ്പനികൾക്കും നിയമം ബാധകമാണ്. 329 അംഗ സഭയിൽ 275 പേർ ബില്ലിനെ പിന്തുണച്ചു. ജനവികാരത്തിന്റെ പ്രതിഫലനമാണ് നിയമമെന്ന് ഇറാഖി പാർലമെന്റ് വാർത്താകുറിപ്പിൽ വ്യക്തമാക്കി.
ഇസ്രയേലിന്റെ രാഷ്ട്രപദവി ഇറാഖ് ഇതുവരെയും അംഗീകരിച്ചിട്ടില്ല. ഇരുരാജ്യങ്ങളും തമ്മിൽ നയതന്ത്രബന്ധങ്ങൾ നിലവിലില്ലാത്ത സാഹചര്യത്തിൽ പുതിയനിയമം എങ്ങനെ നടപ്പാക്കുമെന്ന് വ്യക്തമല്ല. അതേസമയം ബാഗ്ദാദിൽ തടിച്ചുകൂടിയ ജനങ്ങൾ ഇസ്രയേൽവിരുദ്ധ മുദ്രാവാക്യങ്ങൾ മുഴക്കി.