ആലപ്പുഴ : ആലപ്പുഴയിലെ പോപ്പുലര്‍ ഫ്രണ്ടിന്റെ റാലിയിൽ വെച്ച് പത്ത് വയസുകാരനായ കുട്ടി വിദ്വേഷ മുദ്രാവാക്യം വിളിച്ച കേസിൽ ദിവസങ്ങൾക്ക് ശേഷം പിതാവിനെ പോലീസ് കസ്റ്റഡിയിലെടുത്തിരിക്കുകയാണ്. പള്ളുരുത്തിയിലെ വീട്ടിൽ നിന്നാണ് പിതാവിനെ പൊലീസ് കസ്റ്റഡിയിലെടുത്തത്. കുട്ടിയെ മുദ്രാവാക്യം പഠിപ്പിച്ച് വിളിപ്പിച്ചതല്ലെന്നാണ് പിതാവ് വിശദീകരിക്കുന്നത്. പോപ്പുലർ ഫ്രണ്ട് പരിപാടികളിൽ കുടുംബ സമേതം താൻ പങ്കെടുക്കാറുണ്ട്. സിഎഎ പ്രതിഷേധത്തിൽ വിളിച്ച മുദ്രാവാക്യമാണത്. അവിടെ നിന്നുമാണ് കുട്ടിക്കത് കിട്ടിയത്. നേരത്തെയും പല സ്ഥലങ്ങളിലും വെച്ചും മകൻ മുദ്രാവാക്യം വിളിച്ചിട്ടുണ്ട്. അത് യൂട്യൂബിലുമുണ്ട്. മതവികാരം വ്രണപ്പെടുത്തിയിട്ടില്ല. മുദ്രാവാക്യം ആർ എസ് എസിനെതിരെയായിരുന്നു. മുദ്രാവാക്യത്തിന്റ ഒരു ഭാഗം മാത്രമാണ് പ്രചരിച്ചതെന്നുമാണ് ഇയാളുടെ വാദം.
ആരും മുദ്രാവാക്യം പഠിപ്പിച്ചതല്ലെന്നും താൻ സ്വയം കാണാതെ പഠിച്ചതാണെന്ന് പത്ത് വയസുകാരന്റെ പ്രതികരണം. മുൻപും ഇതേ മുദ്രാവാക്യം വിളിച്ചിട്ടുണ്ടെന്നും കുട്ടി പറഞ്ഞു. അതേ സമയം കുട്ടിയുടെ പിതാവിനെ കസ്റ്റഡിയിലെടുത്തതിന് പിന്നാലെ പോപ്പുലര്‍ ഫ്രണ്ട് പ്രതിഷേധിക്കുകയാണ്. ആലപ്പുഴ എസ് പി ഓഫീസിലേക്ക് പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ മാർച്ച് നടത്തി.