തിരുവനന്തപുരം : പൂജപ്പുര സെൻട്രൽ ജയിലിന് മുന്നിൽ മാധ്യമപ്രവർത്തകരെ ആക്രമിച്ച സംഭവത്തിൽ ബിജെപി പ്രവർത്തകർക്കെതിരെ പോലീസ് കേസെടുത്തു. ബിജെപി പ്രവർത്തകരായ കൃഷ്ണകുമാർ, പ്രണവ് എന്നിവർക്കെതിരെയാണ് പൂജപ്പുര പോലീസ് കേസെടുത്തത്. മനഃപൂർവം ആക്രമിക്കൽ, അന്യായമായി തടഞ്ഞു വയ്ക്കൽ, അസഭ്യം വിളിക്കൽ എന്നീ വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തത്. ഇന്നലെ ജനപക്ഷം നേതാവ് പി.സി.ജോർജിനെ സ്വീകരിക്കാൻ സെൻട്രൽ ജയിലിന് പുറത്തെത്തിയ പ്രവർത്തകരാണ് മാധ്യമപ്രവർത്തകരെ ആക്രമിച്ചത്.
വിദ്വേഷ പ്രസംഗ കേസിൽ ജാമ്യം കിട്ടിയ ജനപക്ഷം നേതാവ് പി.സി.ജോർജ് ഇന്നലെ വൈകീട്ട് ജയിൽ മോചിതനായിരുന്നു. തിരുവനന്തപുരം ഫോർട്ട് പോലീസ് രജിസ്റ്റർ ചെയ്ത കേസിൽ കർശന ഉപാധികളോടെ ഹൈക്കോടതി ജാമ്യം അനുവദിച്ചതോടെയാണ് ജയിൽമോചനത്തിന് വഴിയൊരുങ്ങിയത്. ജയിലിൽ നിന്നിറങ്ങിയ പി.സി.ജോർജിനെ സ്വീകരിക്കാനായി ബിജെപി ജില്ലാ പ്രസിഡന്റ് വി.വി.രാജേഷിന്റെ നേതൃത്വത്തിൽ പ്രവർത്തകർ പൂജപ്പുരയിലെത്തിയിരുന്നു. മാധ്യമങ്ങളോട് സംസാരിച്ച ശേഷം പി.സി.ജോർജ് ഈരാറ്റുപേട്ടയിലേക്ക് തിരിച്ചു. ഇതിനിടയിലാണ് ഒരു വിഭാഗം പ്രവർത്തകർ മാധ്യമപ്രവർത്തകരെ കയ്യേറ്റം ചെയ്തത്.