മഹാരാഷ്‌ട്ര : ചേരയെ പിടികൂടിയശേഷം ജീവനോടെ മുറിച്ച് കഷ്‌ണങ്ങളാക്കി യുവാക്കളുടെ ക്രൂരത. മഹാരാഷ്‌ട്രയിലെ ഒസ്‌മാനാബാദിലാണ് സംഭവം. ചേരയെ ആറോളം യുവാക്കൾ ചേർന്ന് കഷ്‌ണങ്ങളാക്കുന്ന വിഡിയോ സമൂഹമാദ്ധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. യുവാക്കളിലൊരാൾ തന്നെയാണ് വിഡിയോ പകർത്തിയതെന്ന് കരുതുന്നു.
സംഭവത്തിനെതിരെ പ്ളാന്റ്‌സ് ആന്റ് ആനിമൽ പ്രൊട്ടക്ഷൻ സൊസൈറ്റി എന്ന എൻജിഒ മഹാരാഷ്‌ട്രയിലെ പ്രിൻസിപ്പൽ ചീഫ് കൺസർവേറ്റർക്കും ഔറംഗാബാദ് ചീഫ് കൺസർവേറ്റർ ഓഫ് ഫോറസ്‌റ്റിനും ഒസ്‌മാനാബാദ് ഡിവിഷണൽ ഫോറസ്‌റ്റ് ഓഫീസർക്കും പരാതി നൽകി. ചേരയെ പിടികൂടി ജീവനോടെ മുറിച്ച് കഷ്‌ണങ്ങളാക്കിയ യുവാക്കൾക്കെതിരെ ശക്തമായ നടപടി വേണമെന്നാണ് സംഘടനയുടെ ആവശ്യം. വൈൽഡ്‌ലൈഫ് പ്രൊട്ടക്ഷൻ ആക്‌ട് അനുസരിച്ച് സംരക്ഷിക്കപ്പെടേണ്ട ജീവിയാണ് ചേര.
ഏഷ്യയിൽ കണ്ട് വരുന്ന വിഷമില്ലാത്ത ഇനം പാമ്പാണ് ചേര. ഇവയ്ക് 2മീറ്റർ വരെ നീളം ഉണ്ടാകാറുണ്ട്. കൃഷിഭൂമിയിലുള്ള എലികളെ ഭക്ഷിക്കുന്നതിനാൽ കർഷകന്റെ മിത്രം എന്നാണ് കേരളത്തിൽ ഇത് അറിയപ്പെടുന്നത്. മൂർഖനാണെന്ന് തെറ്റിദ്ധരിച്ച് ഇവ വളരെയധികം കൊല്ലപ്പെടാറുണ്ട്.