കോഴിക്കോട്: ഗുജറാത്തി സ്ട്രീറ്റിലെ ‘പ്രോടിൻ.ഡിസൈൻ’ സംഘടിപ്പിച്ച ദ്വിദിന കളിമൺ-തിയേറ്റർ ശിൽപശാല ശനിയാഴ്ച വൈകീട്ട് നടന്ന ഗാലറി പ്രദർശനത്തോടെ സമാപിച്ചു. 24, 25 തീയതികളിലായി നടന്ന വർക്ഷോപ്പിൽ എട്ട് മുതൽ 13 വയസ്സുവരെയുള്ള കുട്ടികളാണ് പങ്കെടുത്തത്.
രണ്ട് സെഷനുകളായാണ് ശിൽപ്പശാല നടന്നത്. കളിമൺ ഉപയോഗിച്ചുള്ള മോൾഡിങ് വർക്ഷോപ്പിന് കളിമൺ ശിൽപിയും അധ്യാപകനുമായ അബ്ദുൽ ഹഖ് നേതൃത്വം നൽകി. തിയേറ്റർ വർക്ഷോപ്പിന് പ്രശസ്ത സിനിമ താരവും നാടകപ്രവർത്തകനുമായ സുർജിത് ഗോപിനാഥ് നേതൃത്വം നൽകി.
കുട്ടികളുടെ സർഗാത്മക ശേഷികളെ പരിപോഷിപ്പിക്കാൻ ശിൽപ്പശാല മികച്ചൊരു അവസരമായി മാറിയെന്ന് സമാപന സെഷനിൽ എഴുത്തുകാരനും അധ്യാപകനുമായ ഡോ. എൻ.പി. ഹാഫിസ് മുഹമ്മദ് പറഞ്ഞു.27ന് നാലുവരെ പ്രോടിൻ ഗാലറിയിൽ നടന്ന പ്രദർശനത്തിൽ കുട്ടികൾ വർക്ഷോപ്പിന്‍റെ ഭാഗമായി നിർമിച്ച കളിമൺ വസ്തുക്കൾ പ്രദർശിപ്പിച്ചു. വിവിധ മേഖലകളിൽ നിന്നുള്ള ആളുകളുടെ സാന്നിധ്യംകൊണ്ട് ഗാലറി പ്രദർശനം ശ്രദ്ധേയമായി.