തിരുവനന്തപുരം : കെ സ്റ്റോർ എന്ന പേരിൽ കേരളത്തിന് സ്വന്തമായി ഷോപ്പിംഗ് സെന്ററുകൾ വരുന്നു. റേഷൻ മുതൽ ബാങ്കിംഗ് വരെ സേവനങ്ങളെല്ലാം ഒറ്റക്കുടക്കീഴിലാക്കി സര്‍ക്കാര്‍ കടകൾക്കുള്ള പ്രാരംഭ പ്രവര്‍ത്തനം ജൂണിൽ തുടങ്ങുമെന്ന് ഭക്ഷ്യ സിവിൽ സപ്ലെയിസ് മന്ത്രി ജിആര്‍ അനിൽ പറഞ്ഞു. റേഷൻ ഉത്പന്നങ്ങൾക്കൊപ്പം പാലുംപച്ചക്കറിയും പലവ്യഞ്ജനങ്ങളും എല്ലാം വാങ്ങാം. കറണ്ട് ബില്ലും വാട്ടര്‍ ബില്ലും അടക്കാനും അത്യാവശ്യത്തിനിത്തിരി പൈസ ആവശ്യമെങ്കിൽ ഒന്ന് എടിഎമ്മിൽ കയറാനുമെല്ലാം സൗകര്യം ഒരിടത്ത് ഒരുക്കുന്ന സംവിധാനമാണ് പരിഗണനയിൽ. സ്മാര്‍ട്ട് റേഷൻ കടകൾ ആശയം രൂപം മാറിയാണ് സ്മാര്ട്ട് ഷോപ്പിംഗ് സെന്ററുകളിലേക്ക് എത്തുന്നത്.
റേഷൻ കടകൾക്ക് പകരം 1000 ചതുരശ്ര അടിക്ക് മുകളിലുള്ള ഷോപ്പിംഗ് സെന്ററുകളാണ് കെ സ്റ്റോറുകൾ. ആദ്യഘട്ടത്തിൽ 1000 കടകൾ. ഗ്രാമപ്രദേശങ്ങളിലെ ലൈസൻസികൾക്ക് മുൻഗണന നൽകും. കുറഞ്ഞ പലിശ നിരക്കിൽ വായ്പയും വ്യാപാകികൾക്ക് പരിരക്ഷയും എല്ലാം അടങ്ങുന്നതാണ് പദ്ധതി.