തിരുവനന്തപുരം : മുഖ്യമന്ത്രി പിണറായി വിജയന്റേത് നാണംകെട്ട രാഷ്ട്രീയമാണെന്ന് പി സി ജോർജ്. ചോദ്യം ചെയ്യലിനുള്ള നോട്ടീസ് രാഷ്ട്രീയപ്രേരിതമാണ്. തനിക്കെതിരെ ചുമത്തിയത് കള്ളക്കേസ്. തൃക്കാക്കരിയിൽ പിണറായിക്ക് മറുപടി നൽകും. ഉപതെരഞ്ഞെടുപ്പ് ഉണ്ടായിരുന്നില്ലെങ്കിൽ തനിക്കെതിരെ ഒരു എഫ് ഐ ആർ പോലും ഉണ്ടാകുമായിരുന്നില്ല എന്നും പി സി ജോർജ് പറഞ്ഞു. ജനാധിപത്യ കടമ നിർവഹിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
അതേസമയം വിദ്വേഷ പ്രസംഗക്കേസിൽ ചോദ്യം ചെയ്യലിന് പി സി ജോർജ് ഇന്ന് ഹാജരാകില്ല. ആദ്യം ആരോഗ്യ കാരണങ്ങൾ ചൂണ്ടിക്കാണിച്ചായിരുന്നു ചോദ്യം ചെയ്യലിന് ഹാജരാകില്ലെന്ന് വാർത്താകുറിപ്പ് ഇറക്കിയതെങ്കിൽ അതിന് മാറ്റം വന്നിട്ടുണ്ട്. ഭരണഘടനാപരമായി ജനാധിപത്യപരവുമായ തന്റെ അവകാശമാണെന്നും തന്റെ ജനപക്ഷം സംഘടനയുടെ പേരിൽ പ്രചരണത്തിന് ഇറങ്ങാൻ പോകുകയാണെന്നും ജോർജ് വ്യക്തമാക്കിയിട്ടുണ്ട്.
ഉപതെരഞ്ഞെടുപ്പിൽ എൻ ഡി എ സ്ഥാനാർഥിയുടെ പ്രചാരണത്തിനായി പി സി ജോർജ് ഇന്ന് തൃക്കാക്കരയിലുണ്ട്. കൊട്ടിക്കലാശ ദിവസമായ ഇന്ന് പി സി ജോർജ് യോഗങ്ങളിലും സ്ഥാനാർഥിക്കൊപ്പം പര്യചന പരിപാടിയിലും പങ്കെടുക്കും. വെണ്ണല ക്ഷേത്രത്തിൽ പി സി ജോർജിന് സ്വീകരണവും ഉണ്ടായിരിക്കും. ഹാജരാകാൻ ആകില്ലെന്ന് വ്യക്തമാക്കി പി സി ജോർജ് കത്ത് നൽകിയെങ്കിലും അതിൽ ദുരഹത ഉണ്ടെന്ന് പൊലീസ് വ്യക്തമാക്കിയിരുന്നു. തുടർന്ന് വീണ്ടും നോട്ടീസ് നൽകിയെങ്കിലും പി സി ജോർജ് അതും തള്ളുകയായിരുന്നു. വീണ്ടും നോട്ടീസ് നൽകാനാണ് പോലീസ് തീരുമാനം.