ദില്ലി : രാജ്യത്തെ കൽക്കരി പ്രതിസന്ധി വിദേശത്ത് നിന്നുള്ള ഇറക്കുമതിയിലൂടെ പരിഹരിക്കാനൊരുങ്ങി കേന്ദ്ര സർക്കാർ. ഖനന മന്ത്രാലയത്തിന് കീഴിലുള്ള ‘കോൾ ഇന്ത്യ’യാകും കൽക്കരി സംഭരിക്കുക. 2015ന് ശേഷം ഇതാദ്യമായാണ് കേന്ദ്ര സർക്കാർ കൽക്കരി ഇറക്കുമതി ചെയ്യുന്നത്. ഇതിന് മുന്നോടിയായി പ്രത്യേകം കൽക്കരി ഇറക്കുമതി ചെയ്യേണ്ടതില്ലെന്ന് കേന്ദ്രം സംസ്ഥാനങ്ങൾക്ക് നിർദേശം നൽകി. ഇതുമായി ബന്ധപ്പെട്ട നിലവിലെ ടെണ്ടർ നടപടികൾ നിർത്തിവയ്ക്കാനും സംസ്ഥാനങ്ങൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.
കഴിഞ്ഞ ഏപ്രിലിൽ രാജ്യം സമാനതകളില്ലാത്ത കൽക്കരി ക്ഷാമത്തെ നേരിട്ടിരുന്നു. 6 വർഷത്തിനിടയിലെ ഏറ്റവും കടുത്ത ക്ഷാമമാണ് രാജ്യം നേരിട്ടത്. വിവിധ സംസ്ഥാനങ്ങളിലെ ഊർജ ഉത്പാദനത്തെ അടക്കം ഇത് സാരമായി ബാധിച്ചു. കേന്ദ്ര സർക്കാരിനെതിരെ രൂക്ഷമായ വിമർശനത്തിനും ഇടയാക്കി. സമാന സാഹചര്യം ഇക്കുറി ഉണ്ടാകുന്നത് ഒഴിവാക്കാൻ ലക്ഷ്യമിട്ടാണ് സർക്കാർ കൽക്കരി ഇറക്കുമതി ചെയ്യാൻ തീരുമാനിച്ചത്. ഈ വർഷം മൂന്നാം പാദത്തിൽ രാജ്യത്ത് കൽക്കരി ക്ഷാമം വീണ്ടും കടുക്കുമെന്ന് റിപ്പോർട്ടുകൾ ഉണ്ടായിരുന്നു.