തൃശൂർ : പി സി ജോർജിനെ ക്രൈസ്‌തവരുടെ പ്രതിനിധിയായി കാണാനാകില്ലെന്ന് ഓർത്തഡോക്‌സ് സഭ തൃശൂർ ഭദ്രാസനാധിപൻ യൂഹാനോൻ മാർ മിലിത്തിയോസ് പറഞ്ഞു. ക്രിസ്‌ത്യാനികളുടെ കാര്യം നോക്കാൻ ജോർജിനെ ഏൽപ്പിച്ചിട്ടില്ല. അദ്ദേഹം ക്രിസ്‌ത്യാനികളുടെ ചാമ്പ്യനാകേണ്ടയെന്നും തൃശൂരിൽ മാധ്യമപ്രവർത്തകരോട് പറഞ്ഞു.
ക്രൈസ്‌തവർ ഭാരതത്തിന്റെ അടിസ്ഥാന മൂല്യങ്ങളായ മതനിരപേക്ഷതയും സ്വാതന്ത്ര്യവും ജനാധിപത്യമൂല്യങ്ങളും വിലമതിക്കുന്നവരാണ്. അത് നിഷേധിക്കാൻ ശ്രമിക്കുന്ന പ്രവണതയാണ് കേന്ദ്രസർക്കാരിന്റെ നേതൃത്വത്തിൽ സംഘപരിവാർ ചെയ്യുന്നത്. അതിനോട് ചേർന്നാണ് പി സി ജോർജ് നിൽക്കുന്നത്. ഭാരതത്തെ മുഴുവനായി കാണുന്ന ആർക്കും സംഘ പരിവാറിനൊപ്പം നിൽക്കാൻ കഴിയില്ല.
ക്രിസ്‌ത്യാനിയായ തന്നെ കുർബാനക്ക് പോകുന്ന ദിവസം ചോദ്യം ചെയ്യാൻ വിളിപ്പിച്ചത് ശരിയായില്ലെന്ന് ജോർജ് പറയുന്നു. എന്നാൽ അദ്ദേഹം ചെയ്യുന്ന കാര്യങ്ങൾ ക്രിസ്‌ത്യാനിക്ക് ചേർന്നതാണോയെന്ന് പരിശോധിക്കണം. നർകോടിക് ജിഹാദ്, ലവ് ജിഹാദ് എന്നീ വിഷയങ്ങൾ കേരളത്തിലെ ചില കത്തോലിക്ക സഭ നേതാക്കൾ ഉന്നയിക്കുന്നതിന് പിന്നിൽഅവരുടെ വ്യക്തി താത്പര്യമാണെന്നും മിലിത്തിയോസ് പറഞ്ഞു.