ലക്നൗ : വനിതാ ജീവനക്കാരുടെ തൊഴിൽ സമയം നിശ്ചയിച്ച് ഉത്തർപ്രദേശ് സർക്കാർ. രാവിലെ 6 മണിക്കു മുൻപും വൈകിട്ട് 7 മണിക്കു ശേഷവും ഫാക്ടറികളിൽ സ്ത്രീകളെ ജോലി ചെയ്യാൻ നിർബന്ധിക്കരുതെന്നാണു സർക്കാർ ഉത്തരവ്. ഏതെങ്കിലും സാഹചര്യത്തിൽ ഈ സമയങ്ങളിൽ ജോലി ചെയ്യേണ്ടി വന്നാൽ സ്ത്രീകളുടെ സമ്മതപത്രം ആവശ്യമാണെന്നും യോഗി ആദിത്യനാഥ് സർക്കാർ വ്യക്തമാക്കുന്നു.
രാത്രിയിൽ സ്ത്രീകൾ ജോലി ചെയ്യുന്നുണ്ടെങ്കിൽ, അവർക്ക് സൗജന്യ ഭക്ഷണവും യാത്രാസൗകര്യവും സ്ഥാപന ഉടമ ഒരുക്കി നൽകണം. രാവിലെ ആറിനു മുൻപും വൈകിട്ട് ഏഴിനു ശേഷവും ജോലി ചെയ്യാത്തതുകൊണ്ട് സ്ത്രീകളെ സ്ഥാപനത്തിൽനിന്നു പിരിച്ചുവിടാനാകില്ല. താമസസ്ഥലത്തുനിന്നു കൊണ്ടുവരാനും ജോലി കഴിയുമ്പോൾ തിരികെ കൊണ്ടുവിടാനും സൗകര്യം ഒരുക്കണം.
ശുചിമുറി, കുടിവെള്ളം, വസ്ത്രം മാറാനുള്ള മുറി എന്നീ സൗകര്യങ്ങൾ ഉറപ്പാക്കണം. നാലു സ്ത്രീകളെങ്കിലും ഉണ്ടെങ്കിലേ രാത്രിയിൽ ജോലി ചെയ്യിക്കാവൂ. ലൈംഗിക അതിക്രമം തടയാനുള്ള നടപടികൾ സ്വീകരിക്കണം. സ്ത്രീകളുടെ രാത്രിജോലി സംബന്ധിച്ചു പ്രതിമാസ റിപ്പോർട്ട് ഫാക്ടറി ഇൻസ്പെക്ടർക്കു കൈമാറണമെന്നും സർക്കാർ വ്യക്തമാക്കി.