ആലുവ: ആലുവയിൽ പൊലീസ് വാഹനം തടഞ്ഞ് സംഘർഷമുണ്ടാക്കിയ കേസിൽ ആറ് പോപ്പുലർ ഫ്രണ്ട് പ്രവർത്തകർ അറസ്റ്റിൽ. പോപ്പുലർ ഫ്രണ്ട് സംസ്ഥാന സമിതി അംഗം യഹിയ തങ്ങളെ അറസ്റ്റ് ചെയ്ത് ആലപ്പുഴയിലേക്ക് കൊണ്ടുപോകുന്നതിനിടെ സംഘർഷം ഉണ്ടാക്കിയതിനാണ് അറസ്റ്റ്. അമ്പതോളം പേർക്കെതിരെ പൊലീസ് കേസ് എടുത്തിട്ടുണ്ട്.
ജനമഹാ സമ്മേളനത്തിന്‍റെ സംഘാടകൻ എന്ന നിലയിൽ മതസ്പർദ വളർത്താൻ അവസരം ഒരുക്കിയെന്ന് ചൂണ്ടിക്കാട്ടിയാണ് യഹിയ തങ്ങളെ പൊലീസ് കസ്റ്റഡിയിൽ എടുത്തത്. തൃശൂർ പെരുമ്പിലാവിലെ വീട്ടിലെത്തിയായിരുന്നു നടപടി. യഹിയയുമായി സഞ്ചരിച്ച പൊലീസ് വാഹനം തൃശ്ശൂര്‍, ആലുവ, കുമ്പളം ടോൾ പ്ലാസ, ആലപ്പുഴ കലവൂർ എന്നിവിടങ്ങളിൽ പോപ്പുലർ ഫ്രണ്ട് പ്രവർത്തകർ തടഞ്ഞിരുന്നു. ഈ സാഹചര്യത്തിൽ യഹിയയെ എത്തിക്കുമ്പോൾ കനത്ത സുരക്ഷയിലായിരുന്നു സൗത്ത് പൊലീസ് സ്റ്റേഷൻ. ഇന്നലെ ജില്ലാ പൊലീസ് ആസ്ഥാനത്തേക്ക് സംഘടിപ്പിച്ച മാർച്ചിലും ഹൈക്കോടതിക്ക് എതിരെ വിവാദ പരാമർശം യഹിയ നടത്തിയിരുന്നു.
കേസിൽ ഇന്നലെ അറസ്റ്റിലായ കുട്ടിയുടെ പിതാവ് അസ്കർ ഉൾപ്പടെയുള്ള അഞ്ച് പ്രതികളെ റിമാൻഡ് ചെയ്തു. ഇതോടെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം 25 ആയി. അതേസമയം മുദ്രാവാക്യം വിളിച്ച കുട്ടിയെ ഇന്നലെ ചൈൽഡ് ലൈൻ പ്രവർത്തകരുടെ സഹായത്തോടെ എറണാകുളം ജനറൽ ആശുപത്രിയിൽ കൗൺസിലിംഗിന് വിധേയനാക്കി.