തിരുവനന്തപുരം : സംസ്ഥാനത്ത് കാലവർഷം സ്ഥിരീകരിച്ചതിന് പിന്നാലെ ഇന്നടക്കം നാലുനാൾ മഴ കനത്തേക്കുമെന്ന് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ഇന്നലെ പുറത്തിറക്കിയ അറിയിപ്പ് പ്രകാരം ജൂൺ രണ്ടാം തിയതി വരെയാണ് ശക്തമായ മഴ സാധ്യത പ്രവചിച്ചിട്ടുള്ളത്. ഇത് പ്രകാരം ജൂൺ രണ്ട് വരെയുള്ള ദിവസങ്ങളിൽ വിവിധ ജില്ലകളിൽ മഞ്ഞ അലേർട്ട് പ്രഖ്യാപിച്ചു. ഇന്ന് (30/05/2022) 9 ജില്ലകളിലാണ് മഞ്ഞ ജാഗ്രത. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂർ, പാലക്കാട് ജില്ലകളിലാണ് ജാഗ്രത നിർദ്ദേശം പുറത്തിറക്കിയിട്ടുള്ളത്. നാളെ (31/05/2022) പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ യെല്ലോ ജാഗ്രതയായിരിക്കും. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്. അതേസമയം കേരള തീരത്ത് നിന്ന് ഇന്ന് മൽസ്യബന്ധനത്തിന് പോകാൻ പാടുള്ളതല്ലെന്നും അറിയിപ്പുണ്ട്.