കൊച്ചി : നടിയെ ആക്രമിച്ച കേസിൽ അധിക കുറ്റപത്രം(charge sheet) ക്രൈംബ്രാഞ്ച് (crime branch)ഇന്ന് നൽകില്ല. അന്വേഷണം പൂർത്തിയാക്കാൻ സാവകാശം തേടി ഹൈക്കോടതിയെ സമീപിച്ച കാര്യം ക്രൈംബ്രാഞ്ച് നാളെ വിചാരണക്കോടതിയെ അറിയിക്കും. ഈ മാസം 31നകം അന്വേഷണം പൂർത്തിയാക്കി റിപ്പോർട്ട് നൽകാനായിരുന്നു കോടതി നൽകിയിരുന്ന നിർദേശം.
നടിയെ ആക്രമിച്ച കേസിൽ തുടരന്വേഷണത്തിന് സാവകാശം തേടി ഹൈക്കോടതിയിൽ ഹർജി നൽകിയ പശ്ചാത്തലത്തിലാണ് കുറ്റപത്രം നൽകേണ്ടതില്ലെന്ന് ക്രൈംബ്രാഞ്ച് തീരുമാനിച്ചത്. പുതിയ നിർണായക തെളിവുകൾ ലഭിച്ച സാഹചര്യത്തിൽ അന്വേഷണം പൂർത്തിയാക്കാൻ മൂന്ന് മാസം സാവകാശം തേടി ഹൈക്കോടതിയെ സമീപിച്ച കാര്യം ക്രൈംബ്രാഞ്ച് നാളെ വിചാരണ കോടതിയെ അറിയിക്കും. കേസിൽ ഈ മാസം 31ന് കുറ്റപത്രം നൽകണമെന്ന് ഹൈക്കോടതി ഉത്തരവിട്ടിരുന്നത്. ക്രൈംബ്രാഞ്ച് നൽകിയ പുതിയ ഹർജി ഹൈക്കോടതി എന്ന് പരിഗണിക്കുമെന്ന് വ്യക്തമായിട്ടില്ല.
വിചാരണക്കോടതിയ്ക്ക് എതിരെ ഗുരുതരമായ ആക്ഷേപം ക്രൈംബ്രാഞ്ച് ഹൈക്കോടതിയിൽ സമർപ്പിച്ച ഹർജിയിലുണ്ട്. നടിയെ ആക്രമിച്ച് പകർത്തിയ ദൃശ്യങ്ങൾ ജുഡീഷ്യൽ കസ്റ്റഡിയിൽ നിന്ന് ചോർന്നുവെന്ന കണ്ടെത്തലിൽ അന്വേഷണം വേണ്ടെന്ന് വച്ചത് കേട്ടുകേൾവി ഇല്ലാത്തതെന്നാന്ന് അന്വേഷണ സംഘത്തിന്‍റെ നിലപാട്.
നടിയെ ആക്രമിച്ച ദൃശ്യങ്ങൾ കേസിലെ എട്ടാം പ്രതിയായ ദിലീപിന്‍റെ കൈവശമുണ്ടെന്നതിന് തെളിവ് ലഭിച്ചെന്നും ക്രൈംബ്രാഞ്ച് ഹൈക്കോടതിയെ അറിയിച്ചു. അനൂപിന്‍റെ മൊബൈൽ ഫോണുകളുടെ പരിശോധനയിലാണ് തെളിവ് കിട്ടിയതെന്നും ഈ സാഹചര്യത്തിൽ സൈബർ രേഖകളുടെ സൂക്ഷ്മ പരിശോധനയ്ക്ക് കൂടുതൽ സമയം വേണമെന്നമുള്ള നിലപാടിലാണ് ക്രൈംബ്രാഞ്ച്.ഇതിനിടെ ദിലീപിന്‍റെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജിയും നാളെ വിചാരണക്കോടതിയുടെ പരിഗണനയ്ക്ക് വരും.