തിരുവനന്തപുരം : കല്ലുവാതുക്കൽ മദ്യദുരന്തക്കേസിൽ കുറ്റവാളിയായി കണ്ടെത്തി ജയിലിൽ കഴിയുന്ന മണിച്ചന്‍റെ മോചനത്തിന് വഴിയൊരുക്കുന്ന ഫയൽ തിരിച്ചയച്ചതിൽ മറ്റ് പ്രശ്നങ്ങളൊന്നുമില്ലെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. ഫയൽ തിരിച്ചയച്ചത് ചില സംശയങ്ങളുള്ളതിനാലാണ്. ദീർഘ കാലമായി ജയിലിൽ കഴിയുന്നവെരുടെ അവകാശങ്ങളെ കുറിച്ച് തനിക്ക് ബോധ്യമുണ്ട്. ഫയൽ മടക്കിയതിൽ ഗൗരവകരമായി ഒന്നുമില്ല. അതിൽ വ്യക്തത വന്നാൽ ഫയലിൽ ഉടൻ തീരുമാനം എടുക്കുമെന്നും ആരിഫ് മുഹമ്മദ് ഖാൻ വ്യക്തമാക്കി. ആഭ്യന്തര സെക്രട്ടറി, നിയമസെക്രട്ടറി, ജയിൽ ഡിജിപി എന്നിവിടങ്ങിയ സമിതി നിർദ്ദേശിച്ചത് 64 തടവുകാരുടെ പേരുകളാണ്. ഇതിൽ നിന്നും 33 പേരെ തെരഞ്ഞെടുത്തതെങ്ങനെയെന്നാണ് ഗവർണർ ഉന്നയിക്കുന്ന പ്രധാനപ്പെട്ട സംശയം.
ഈ മാസം ആദ്യമാണ് മണിച്ചനടക്കം 33 പേരെ വിട്ടക്കമെന്നാവശ്യപ്പെട്ട് സർക്കാർ ഗവർണർക്ക് ഫയൽ അയച്ചത്. പല കാരണങ്ങളാൽ ജയിൽ ഉപദേശ സമിതിയുടെ പരിഗണന കിട്ടാത്ത തടവുകാരെയാണ് ആഭ്യന്തര സെക്രട്ടറി, നിയമ സെക്രട്ടറി, ജയിൽ ഡിജിപി എന്നിവടങ്ങിയ ഉദ്യോഗസ്ഥ സമിതി വിട്ടയക്കാൻ ശുപാർശ ചെയ്തത്. ഈ സമിതി 64 പേരുകളാണ് സർക്കാരിന് നൽകിയത്. ഇതിലാണ് മണിച്ചനും കുപ്പണ മദ്യ ദുരന്ത കേസിലെ പ്രതിയുമൊക്കെ ഉള്‍പ്പെട്ടത്. കോളിളക്കം സൃഷ്ടിച്ച മദ്യദുരന്ത കേസിലെ പ്രതി മണിച്ചൻ ഉള്‍പ്പെട്ടതിനാൽ ഗവർണർ എന്ത് തീരുമാനമെടുക്കുമെന്നത് നിർണായകമായിരുന്നു. മൂന്നു കാര്യങ്ങളിലാണ് ഗവർണർ വിശദീകരണം ചോദിച്ചിരിക്കുന്നത്. ഒന്ന് – ജയിൽ ഉപദേശ സമിതികളെ മറികടന്ന് ഉദ്യോഗസ്ഥ സമിതി രൂപീകരിച്ചതെന്തിന്, രണ്ട് – 64 തടവുകാരിൽ നിന്നും 33 പേരിലേക്ക് ചുരുക്കിയതെങ്ങനെ, എന്തായിരുന്നു മാനദണ്ഡം? മൂന്ന് – ഓരോ കേസും പ്രത്യേകമായി പരിശോധിക്കണമെന്ന ഹൈക്കോടതി ഉത്തരവ് പാലിച്ചിട്ടുണ്ടോ?
മണിച്ചന്‍റെ മോചനകാര്യത്തിൽ നാലാഴ്ചക്കുള്ളിൽ തീരുമാനമെടുക്കണമെന്ന സുപ്രീംകോടതി പരാമർശം ചൂണ്ടിക്കാണിച്ചാകും ഗവർണറുടെ ചോദ്യത്തിന് സർക്കാർ മറുപടി നൽകുക. സർക്കാർ തീരുമാനം ഗവർണർമാർ അംഗീകരിക്കേണ്ടതാണെന്ന പേരറിവാളൻ കേസിലെ പരാമർശവും സർക്കാർ ഗവർണറെ അറിയിക്കും. മണിച്ചന്‍റെ മോചന കാര്യത്തിൽ നാല് ആഴ്ചക്കുള്ളിൽ തീരുമാനമെടുക്കണമെന്ന് സുപ്രീംകോടതി സർക്കാരിനോട് നിർദേശിച്ചിട്ടുണ്ട്. മെയ് 20-നാണ് സുപ്രീംകോടതിയുടെ ഉത്തരവുണ്ടായത്. സ്വാതന്ത്ര്യത്തിന്‍റെ 75 വർഷത്തിന്‍റെ ഭാഗമായി തടവുകാരെ വിട്ടയ്കാനുള്ള കേന്ദ്രസർക്കാർ തീരുമാനപ്രകാരമാണ് സർക്കാർ സമിതിയെ തീരുമാനിച്ചത്. 20 വർഷത്തിലേറെയായി ജയിലിൽ മോചനമില്ലാതെ കിടക്കുന്നവർ, പ്രായമായവർ, രോഗികള്‍ എന്നിവർക്ക് പരിഗണ നൽകിയാണ് ഉദ്യോഗസ്ഥ തല സമിതി പട്ടിക തയ്യാറാക്കിയത്. സ്ത്രീകളെ കൊലപ്പെടുത്തിയവർ ഉള്‍പ്പെടെ പട്ടികയിൽ ഇടം നേടി. രോഗവും പ്രായാധിക്യവും കാരണമാണ് അവരെ ഉള്‍പ്പെടുത്തിയത്.
എന്നാൽ സുപ്രീംകോടതി നിർദ്ദേശങ്ങൾ പ്രകാരം ഓരോ കേസും പരിശോധിച്ച് ഒഴിവാക്കിയപ്പോഴാണ് പട്ടിക 33 ആയി ചുരുങ്ങിയത്. എന്തുകൊണ്ടാണ് മണിച്ചൻ ഉള്‍പ്പെടെ 33 പേരുകള്‍ തെരഞ്ഞെടുത്തതെന്നുള്ള വിശദീകരണവും സർക്കാർ അറിയിക്കും. മണിച്ചന്‍റെവിടുതൽ ശുപാർശ ഗവർണർ അംഗീകരിച്ചാലും കോടതി ഉത്തരവ് പ്രകാരമുള്ള നഷ്ടപരിഹാരത്തുക കെട്ടിവച്ചാൽ മാത്രമേ പുറത്തിറങ്ങാൻ കഴിയൂവെന്നാണ് നിയമവിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്. ജീവപര്യന്തം കഠിന തടവും പിഴയുമാണ് കൊല്ലം സെഷൻസ് കോടതി മണിച്ചന് വിധിച്ചത്.