പാലേരി: റെയിൽവേ പൊലീസ് ഉദ്യോഗസ്ഥനായ കോഴിക്കോട് പാലേരിയിലെ പാമ്പൻകുനി സജീർ സാമൂഹിക മാധ്യമങ്ങളിൽ താരമാണിപ്പോൾ. കഴിഞ്ഞ ദിവസം കർണാടക ഉഡുപ്പി റെയിൽവെ സ്റ്റേഷനിൽ തീവണ്ടിക്കും പ്ലാറ്റ്ഫോമിനും ഇടയിലേക്ക് വീഴാൻപോയ വയോധികനെ സജീർ ഓടിയെത്തി കൈകളിൽ താങ്ങി രക്ഷിച്ച ദൃശ്യങ്ങൾ വൈറലായിരുന്നു. ഏറെ അഭിനന്ദനങ്ങളാണ് ഇതിന് പിന്നാലെ ലഭിക്കുന്നത്.
വണ്ടി സ്റ്റേഷനിൽ നിർത്താനായി വന്നുകൊണ്ടിരിക്കുമ്പോഴാണ് വയോധികൻ തീവണ്ടിക്കും പ്ലാറ്റ്ഫോമിനും ഇടയിലേക്ക് വീഴാൻപോയത്. ഇതുകണ്ട് വളരെ ദൂരത്ത് നിന്നും സജീർ ഓടി എത്തി താങ്ങിപ്പിടിക്കുകയായിരുന്നു. സ്റ്റേഷനിൽ ഉണ്ടായിരുന്ന ചിലരും സജീറിന് സഹായവുമായെത്തി. തുടർന്ന് വീണയാളെ ട്രെയിനിലേക്ക് വലിച്ചുകയറ്റി രക്ഷിക്കുകയായിരുന്നു.
2014 മുതൽ ചെന്നൈ, ഹൈദരാബാദ്, മുംബൈ, ഉഡുപ്പി സ്റ്റേഷനുകളിൽ ജോലി ചെയ്തു വരികയാണ് സജീർ. ഇദ്ദേഹത്തിന്‍റെ ധീരതയെ ഒരുമ റസിഡൻസ് അസോസിയേഷൻ, പ്രവാസി കൂട്ടായ്മ, തമാം ഗ്രൂപ്പ്, തണൽ-കരുണ കടിയങ്ങാട് യൂണിറ്റ്, കല്ലൂർ പൗരാവലി ഭാരവാഹികൾ തുടങ്ങിയവർ അഭിനന്ദിച്ചു.