കൊച്ചി : കേരളം രാഷ്ട്രീയ ആകാംക്ഷയോടെ കാത്തിരിക്കുന്ന തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് ഇന്ന്. കേരള രാഷ്ട്രീയം ഇതുവരെ കാണാത്ത ഉപതെരഞ്ഞെടുപ്പ് ആവേശമാണ് തൃക്കാക്കരയിൽ ഇത്തവണയുള്ളത്. യുഡിഎഫ് എംഎൽഎ പി ടി തോമസ് അന്തരിച്ചതിനെ തുടർന്ന് നടക്കുന്ന തെരഞ്ഞെടുപ്പിൽ യുഡിഎഫ് കളത്തിലിറക്കിയത് പി ടിയുടെ പ്രിയ പത്നി ഉമാ തോമസിനെയാണ്.
തൃക്കാക്കരയിൽ ശുഭ പ്രതീക്ഷയിലാണെന്ന് യുഡിഎഫ് സ്ഥാനാർത്ഥി ഉമാ തോമസ്. തൃക്കാക്കര ജനത തന്നെ അംഗീകരിക്കുമെന്നാണ് വിശ്വാസമെന്നാണ് ഉമാ തോമസ് പോളിംഗ് ദിനത്തിൽ പ്രതികരിക്കുന്നത്. മണ്ഡലത്തിൽ എനിക്ക് വേണ്ടി കൂടെ പ്രവർത്തിച്ചവരാണ് എന്റെ ശക്തിയും ഊർജവും. പിടി തോമസിന് വേണ്ടി കൂടിയാണ് ഞാൻ മത്സര രംഗത്തിറങ്ങിയത്. പോളിംഗ് ദിവസം മഴ മാറി നിൽക്കുന്നതും അനുകൂലമാണെന്നും ഉമാ തോമസ് പറഞ്ഞു. കലൂര്‍ പള്ളിയിലും പാലാരിവട്ടം ഹരിഹരസുത ക്ഷേത്രത്തിലും ദര്‍ശനം നടത്തിയ ശേഷം ഉമാ തോമസ് വീടിനടുത്തുള്ള ബൂത്തിലേക്ക് പോയത്.