കൊച്ചി : പിടി തോമസിന്റെ നിര്യാണത്തെ തുടർന്ന് ഉപതെരഞ്ഞെടുപ്പ് നടക്കുന്ന തൃക്കാക്കരയിൽ പോളിംഗ് പുരോഗമിക്കുകയാണ്. മണ്ഡലത്തിലെ വോട്ടറായ നടനും സംവിധായകനുമായ രഞ്ജി പണിക്കർ കടവന്ത്രയിലെ ബൂത്തിൽ വോട്ട് രേഖപ്പെടുത്തി. സർക്കാരിനെ വിലയിരുത്തുന്ന തെരഞ്ഞെടുപ്പായിരിക്കുമിതെന്ന് രഞ്ജി പണിക്കർ പറഞ്ഞു. എല്ലാവർഷവും വോട്ട് ചെയ്യാറുണ്ട്. ആർക്ക് വോട്ട് ചെയ്യണമെന്ന കൃത്യമായ ധാരണയോടെയാണ് എല്ലാവർഷവും ബൂത്തിലേക്കെത്താറുള്ളത്.
തൃക്കാക്കരയിലെ ഉപതെരഞ്ഞെടുപ്പ് ഭരിക്കുന്ന സർക്കാരിനെ അട്ടിമറിക്കാനുള്ള സാധ്യതകളുള്ള നിർണായകമായ തെരഞ്ഞെടുപ്പല്ല . എന്നാൽ അതേ സമയം, രാഷ്ട്രീയ കാരണങ്ങളാൽ നിർണായകമാണ്. ഒരു വർഷം മുൻപ് നടന്ന തെരഞ്ഞെടുപ്പ് അന്തരീക്ഷമല്ല ഇപ്പോഴുളളത്’. നിലവിൽ കേരളത്തിൽ കലുഷിതമാകുന്ന ഒരു രാഷ്ട്രീയ അന്തരീക്ഷമുണ്ടെന്ന് സാധാരണക്കാർക്കും വ്യക്തമാകുമെന്നും രഞ്ജി പണിക്കർ പറഞ്ഞു.