കൊച്ചി : തൃക്കാക്കരയിലെ ഇടത് സ്ഥാനാര്‍ത്ഥി ജോ ജോസഫിന്‍റെ വ്യാജ വീഡിയോ അപ് ലോഡ് ചെയ്തയാൾ പിടിയിൽ. മലപ്പുറം കോട്ടക്കൽ സ്വദേശി അബ്ദുൾ ലത്തീഫാണ് പിടിയിലായത്. കൊച്ചി പോലീസ് പ്രത്യേക സംഘമാണ് അബ്ദുള്‍ ലത്തീഫിനെ പിടികൂടിയത്. കോയമ്പത്തൂരിൽ നിന്നാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. വീഡിയോ പ്രചരിപ്പിച്ച സംഭവത്തില്‍ അഞ്ചുപേരെ പോലീസ് പിടികൂടിയിരുന്നു. ഇതിന് പിന്നാലെയാണ് വീഡിയോ അപ്‍ലോഡ് ചെയ്തയാളെയും പൊലീസ് പിടികൂടിയത്. വികസനം പറഞ്ഞ് പ്രചാരണം തുടങ്ങിയ ഇടതുമുന്നണി അവസാന ഘട്ടത്തില്‍ സ്ഥാനാര്‍ഥിയുടെ പേരിലിറങ്ങിയ വീഡിയോയുടെ സഹതാപം വോട്ടാക്കി മാറ്റാനുളള തന്ത്രങ്ങളിലേക്ക് ഊന്നല്‍ നല്‍കിയിരുന്നു. എന്നാല്‍ പിടിയിലായവര്‍ക്ക് സിപിഎം ബന്ധമുണ്ടെന്ന് ആരോപിച്ചായിരുന്നു യുഡിഎഫ് പ്രതിരോധം.
വ്യാജപ്രചാരണത്തിനെതിരെ ജോ ജോസഫിന്‍റെ ഭാര്യ ദയാ പാസ്കൽ പരസ്യമായി രംഗത്തെത്തിയിരുന്നു. ക്രൂരമായ സൈബർ ആക്രമണമാണ് നേരിടുന്നത്. എല്ലാ പരിധികളും വിടുന്ന അവസ്ഥയാണെന്നുമായിരുന്നു ദയാ പാസ്കല്‍ പറഞ്ഞത്. വ്യാജ വീഡിയോ പ്രചരിപ്പിക്കുകയാണ്. ഇലക്ഷന് ശേഷവും ഞങ്ങൾക്ക് ജീവിക്കണ്ടേ. ഞങ്ങളുടെ കുട്ടികൾക്ക് പഠിക്കണ്ടേ. എതിർ പാർട്ടിയിലെ നേതാക്കൾ ഇത് ശ്രദ്ധിക്കണ്ടതല്ലേ. അണികളോട് പറയേണ്ടതല്ലേ. ക്രൂരതയ്ക്ക് വിട്ടു കൊടുക്കുന്നത് ശരിയാണെന്നു കരുതുന്നുണ്ടോ? ആരോഗ്യകരമായ മത്സരമല്ലേ വേണ്ടത്. ട്രോളുകൾ കാര്യമാക്കിയിരുന്നില്ല. കുടുംബത്തെ ബാധിച്ചപ്പോൾ പ്രതികരിക്കേണ്ടേ” എന്നായിരുന്നു ദയാ പാസ്കൽ ചോദിച്ചത്.