കൊച്ചി : തൃക്കാക്കര ഉപതെരഞ്ഞെടുപ്പിൽ വോട്ട് ചെയ്ത് നടൻ മമ്മൂട്ടി. പൊന്നുരുന്നി എൽപി സ്കൂളിലെത്തിയാണ് അദ്ദേഹം തന്റെ സമ്മതിദാനാവകാശം വിനിയോഗിച്ചത്. തൃക്കാക്കര മണ്ഡലത്തിലെ എല്ലാവെ രും സമ്മതിദാന അവകാശം വിനിയോഗിക്കണമെന്ന് നടൻ മമ്മൂട്ടി ആവശ്യപ്പെട്ടു. ബൂത്തിലുണ്ടായിരുന്ന ഇടത് മുന്നണി സ്ഥാനാർത്ഥി ജോ ജോസഫിനോട് കുശലം പറഞ്ഞ ശേഷമാണ് മമ്മൂട്ടി മടങ്ങിയത്.
ഹരിശ്രീ അശോകൻ, അന്ന ബെൻ, നടൻ ലാൽ, രഞ്ജി പണിക്കർ എന്നിവരടക്കമുള്ള താരങ്ങളും തൃക്കാക്കരയിലെ വോട്ടർമാരാണ്. ഇവെരെല്ലാവരും രാവിലെ തന്നെ അതത് ബൂത്തുകളിലെത്തി വോട്ട് രേഖപ്പെടുത്തി. വ്യക്തിയെ നോക്കിയാണ് തന്റെ വോട്ടെന്ന് നടൻ ലാൽ പറഞ്ഞു. ട്വന്റി ട്വന്റിയുടെ ഭാഗമല്ല. നടിയെ ആക്രമിച്ച കേസ് ചർച്ച ചെയ്യപ്പെടേണ്ടതാണ്. പക്ഷെ തെരഞ്ഞെടുപ്പിൽ ചർച്ച ചെയ്യപ്പെടണോയെന്ന് ചിന്തിക്കേണ്ടതാണെന്നും ലാൽ പ്രതികരിച്ചു.
സർക്കാരിനെ വിലയിരുത്തുന്ന തെരഞ്ഞെടുപ്പായിരിക്കുമിതെന്ന് രഞ്ജി പണിക്കർ പറഞ്ഞു. ‘എല്ലാവർഷവും വോട്ട് ചെയ്യാറുണ്ട്. ആർക്ക് വോട്ട് ചെയ്യണമെന്ന കൃത്യമായ ധാരണയോടെയാണ് എല്ലാവർഷവും ബൂത്തിലേക്കെത്താറുള്ളത്. തൃക്കാക്കരയിലെ ഉപതെരഞ്ഞെടുപ്പ് ഭരിക്കുന്ന സർക്കാരിനെ അട്ടിമറിക്കാനുള്ള സാധ്യതകളുള്ള നിർണായകമായ തെരഞ്ഞെടുപ്പല്ല . എന്നാൽ അതേ സമയം, രാഷ്ട്രീയ കാരണങ്ങളാൽ നിർണായകമാണ്. ഒരു വർഷം മുൻപ് നടന്ന തെരഞ്ഞെടുപ്പ് അന്തരീക്ഷമല്ല ഇപ്പോഴുളളത്’. നിലവിൽ കേരളത്തിൽ കലുഷിതമാകുന്ന ഒരു രാഷ്ട്രീയ അന്തരീക്ഷമുണ്ടെന്ന് സാധാരണക്കാർക്കും വ്യക്തമാകുമെന്നും രഞ്ജി പണിക്കർ പറഞ്ഞു.