നെയ്യാറ്റിന്‍കര : നെയ്യാറ്റിന്‍കരയില്‍ ദുര്‍ഗാവാഹിനി നടത്തിയ വാളേന്തി പ്രകടനത്തെ ന്യായീകരിച്ച് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. മതവര്‍ഗീയ വാദികള്‍ ഭീഷണിയുമായി രംഗത്തെത്തുമ്പോള്‍ ചെറുത്തുനില്‍പ്പ് സ്വാഭാവികമാണെന്നാണ് സംഭവത്തെ ന്യായീകരിച്ചുകൊണ്ട് ബിജെപി സംസ്ഥാന അധ്യക്ഷന്‍ പറഞ്ഞത്. നെയ്യാറ്റിന്‍കരയില്‍ നടന്നത് സ്ത്രീകളുടെ പ്രതീകാത്മകമായ പ്രകടനമാണ്. മതഭീകരവാദികളില്‍ നിന്ന് ഹിന്ദുക്കളേയും ക്രിസ്ത്യാനികളേയും രക്ഷിക്കാന്‍ ആളുകള്‍ സ്വമേധയാ മുന്നോട്ടുവരികയാണെന്നും അദ്ദേഹം പറഞ്ഞു.
തൃക്കാക്കരയില്‍ എന്‍ഡിഎ മികച്ച വിജയം നേടുമെന്നും കെ സുരേന്ദ്രന്‍ ആത്മവിശ്വാസം പ്രകടിപ്പിച്ചു. കനത്ത പോളിംഗ് യുഡിഎഫിനും എല്‍ഡിഎഫിനുമെതിരായ ജനങ്ങളുടെ കടുത്ത പ്രതിഷേധമാണ് സൂചിപ്പിക്കുന്നതെന്ന് സുരേന്ദ്രന്‍ പറയുന്നു. നരേന്ദ്രമോദി സര്‍ക്കാരിനുള്ള അംഗീകാരം ജനങ്ങള്‍ തൃക്കാക്കരയില്‍ നല്‍കും. മതവര്‍ഗീയ ശക്തികള്‍ക്ക് സംരക്ഷണം നല്‍കുന്ന എല്‍ഡിഎഫിന്റയും യുഡിഎഫിന്റേയും സമീപനം തൃക്കാക്കരയിലെ ജനങ്ങള്‍ക്കിടയില്‍ ശക്തമായ ചലനങ്ങള്‍ ഉണ്ടാക്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
45.78 ശതമാനം പോളിംഗാണ് തൃക്കാക്കര ഉപതെരഞ്ഞെടുപ്പില്‍ ഇതുവരെ രേഖപ്പെടുത്തിയിരിക്കുന്നത്. വോട്ട് ചെയ്യാന്‍ പല ബൂത്തുകളിലും സമ്മതിദായകരുടെ നീണ്ട നിരയാണ് ദൃശ്യമാകുന്നത്. പുറത്തുവരുന്ന ഔദ്യോഗിക കണക്കുകള്‍ പ്രകാരം ഇതുവരെ വോട്ട് രേഖപ്പെടുത്തിയത് 90,114 പേരാണ്. ഉയര്‍ന്ന പോളിംഗ് ശതമാനത്തെച്ചൊല്ലി മൂന്ന് മുന്നണികളും ഒരുപോലെ ആത്മവിശ്വാസത്തിലാണ്.