മാൻസ: വെടിയേറ്റ് കൊല്ലപ്പെട്ട പ്രശസ്ത പഞ്ചാബി ഗായകനും കോൺഗ്രസ് നേതാവുമായ സിദ്ദു മൂസവാലയുടെ മൃതദേഹം വൻ ജനാവലിയുടെ സാന്നിധ്യത്തിൽ സംസ്കരിച്ചു. സ്വന്തം ഗ്രാമമായ ജവഹർകെയിൽ കനത്ത സുരക്ഷയൊരുക്കിയാണ് മൃതദേഹം സംസ്കരിച്ചത്. ആയിരക്കണക്കിന് ആരാധകർ ആദരാഞ്ജലി അർപ്പിക്കാൻ തടിച്ചു കൂടി. ഇന്നു രാവിലെ പോസ്റ്റുമോർട്ടത്തിനുശേഷം ബന്ധുക്കൾ മൃതദേഹം ഏറ്റുവാങ്ങുകയായിരുന്നു. ഇരുപതിലേറെ വെടിയുണ്ടകൾ ശരീരത്തിൽ തറച്ചതായി പോസ്റ്റുമോർട്ടത്തിൽ കണ്ടെത്തി.
സിദ്ദുവിന്റെ സുരക്ഷ കുറച്ചതുമായി ബന്ധപ്പെട്ട് പഞ്ചാബ് ഹരിയാന കോടതി സർക്കാരിനോട് റിപ്പോർട്ട് തേടി. ആരുടെയൊക്കെയാണ് സുരക്ഷ പിൻവലിച്ചതെന്നും എന്തുകൊണ്ടാണ് സുരക്ഷ പിൻവലിച്ചതെന്നും കോടതി വിശദീകരണം ചോദിച്ചു.കേസിൽ 6 പേരെ ഉത്തരാഖണ്ഡിലെ ഡെറാഡൂണിൽ നിന്നു പിടികൂടി. ഉത്തരാഖണ്ഡ്, പഞ്ചാബ് പൊലീസ് നടത്തിയ സംയുക്ത നീക്കത്തിലാണ് ഇവരെ കസ്റ്റഡിയിലെടുത്തത്. ഗുണ്ടാ സംഘങ്ങൾ തമ്മിലുള്ള കുടിപ്പകയാണു കൊലപാതകത്തിൽ കലാശിച്ചതെന്നാണു പ്രാഥമിക നിഗമനമെന്ന് ഡിജിപി: വി.കെ.ഭാവ്‌റ പറഞ്ഞു. ഗുണ്ടാ നേതാവ് ലോറൻസ് ബിഷ്ണോയിയുടെ സംഘമാണ് ആക്രമണം നടത്തിയതെന്നാണു സൂചന.