വാരാണസി : ഗ്യാൻവാപി മസ്ജിദിൽ നടത്തിയ സർവ്വേയുമായി ബന്ധപ്പെട്ട വിഡിയോകളും ഫോട്ടോകളും പരസ്യപ്പെടുത്തുന്നതിനു വിലക്ക്. കോടതിയുടെ അനുമതിയില്ലാതെ ചിത്രങ്ങളും ദൃശ്യങ്ങളും പ്രസിദ്ധീകരിക്കരുതെന്ന് വാരാണസി ജില്ലാ കോടതി ഉത്തരവിട്ടു.
സർവേ റിപ്പോർട്ടിലെ വിവരങ്ങളും ദൃശ്യങ്ങളും ചിത്രങ്ങളും പുറത്തുവിടാൻ അനുവദിക്കണമെന്ന് കേസിലെ ഹർജിക്കാർ ആവശ്യപ്പെട്ടിരുന്നു. ഇതിനെ മസ്ജിദ് പരിപാലന സമിതി ശക്തമായി എതിർത്തു. തുടർന്നാണ് കേസിലെ വൈകാരികത കണക്കിലെടുത്ത് ഹർജിക്കാരുടെ ആവശ്യം തള്ളി കോടതി ഉത്തരവിറക്കിയത്. സർവേ റിപ്പോർട്ടിന്റെയും ദൃശ്യങ്ങളുടെയും പകർപ്പ് വിവിധ കക്ഷികൾക്കു കോടതി നൽകിയിരുന്നു. റിപ്പോർട്ടിനോടുള്ള എതിർപ്പ് അറിയിക്കാനാണ് അവ നൽകിയതെന്നും മറ്റ് ആവശ്യങ്ങൾക്ക് ഉപയോഗിക്കാൻ പാടില്ലെന്നും കോടതി വ്യക്തമാക്കി.