കൊച്ചി: കള്ളവോട്ടിനെതിരെ എൽ.ഡി.എഫ് പരാതി നൽകമെന്ന് സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. മികച്ച പോളിങ് എൽ.ഡി.എഫിന് അനുകൂലമാകും. തൃക്കാക്കരയിലെ ജനങ്ങൾ വികസനത്തിന് വോട്ട് ചെയ്തെന്നും കോടിയേരി പറഞ്ഞു.
തൃക്കാക്കരയിൽ മൂന്നിടത്ത് കള്ളവോട്ട് സംബന്ധിച്ച പരാതി ഉയർന്നിരുന്നു. പൊന്നുരുന്നി, പാലാരിവട്ടം, കൊല്ലംകുടിമുകൾ എന്നിവിടങ്ങളിലാണ് പരാതി ഉയർന്നത്. പൊന്നുരുന്നിയിൽ സഞ്ജു എന്നായാളുടെ പേരിൽ വോട്ട് ചെയ്യാനെത്തിയ ആൽബിനെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ഡി.വൈ.എഫ്.ഐ പ്രാദേശിക നേതാവാണ് ആൽബിനെന്ന് കോൺഗ്രസ് ആരോപിച്ചു. അതേസമയം, പൊന്നുരുന്നിയിൽ കള്ളവോട്ട് ഉണ്ടായിട്ടില്ലെന്നും ഓപ്പൺ വോട്ടിന് വന്നയാളെയാണ് കസ്റ്റഡിയിലെടുത്തതെന്നും സ്വരാജ് പറഞ്ഞു.
കള്ളവോട്ട് നടന്നെങ്കിൽ കർശന നടപടി സ്വീകരിക്കണമെന്നും സ്വരാജ് ആവശ്യപ്പെട്ടു. പാലാരിവട്ടത്ത് കാനഡയിലുള്ളയാളുടെ പേരിൽ കള്ളവോട്ട് നടന്നെന്ന ആരോപണവും കോൺഗ്രസ് ഉയർത്തി. കള്ളവോട്ട് സംബന്ധിച്ച പരാതികൾ പൊലീസ് സ്വീകരിക്കുന്നില്ലെന്ന ആരോപണം തൃക്കാക്കരയിലെ കോൺഗ്രസ് സ്ഥാനാർഥി ഉമ തോമസ് ഉയർത്തി.