കോഴിക്കോട്∙ ശക്തമായ മഴയിൽ നാദാപുരം വിലങ്ങാട് മേഖലയിൽ കനത്ത നാശം. മൂന്ന് വീടുകൾക്ക് കേടുപാടുകൾ സംഭവിച്ചു. വിലങ്ങാട് ഇരുപ്പക്കാട്ട് ബൈജുവിന്റെ വീടിന്റെ പിൻഭാഗത്തുണ്ടായ മണ്ണിടിച്ചിലിൽ കൂറ്റൻ പാറക്കല്ലും മണ്ണും വീടിന് മുകളിൽ പതിച്ചു. വീട്ടുകാർ ഉറങ്ങുന്നതിനിടയിലാണ് സംഭവം.
പന്നിയേരി കോളനിയിൽ രണ്ട് വീടുകൾക്ക് മുകളിലും പാറക്കല്ലുകൾ പതിച്ചു. പന്നിയേരിയിലെ പാലുമ്മൽ കുങ്കൻ, ഏനിയാടൻ ചന്തു എന്നിവരുടെ വീടുകൾക്കാണ് നാശം ഉണ്ടായത്. രാത്രി ഏഴരയോടെ പെയ്ത മഴയിൽ പാറകൾ ഇടിഞ്ഞ് വീഴുകയായിരുന്നു. തിങ്കളാഴ്ച്ച ഉച്ചയോടെയാണ് വിലങ്ങാട് മലയോരത്ത് ശക്തമായ മഴ പെയ്യാൻ തുടങ്ങിയത്. ഇതോടെ പുഴയിൽ ക്രമാതീതമായി ജലനിരപ്പ് ഉയർന്നത് ജനങ്ങളെ പരിഭ്രാന്തിയിലാഴ്ത്തി.