ആലുവ : നടിയെ ബലാത്സംഗം ചെയ്ത ദൃശ്യങ്ങൾ ചോർന്നത് തെളിയിക്കാൻ ദൃശ്യങ്ങളുടെ ശബ്ദരേഖ ഫൊറൻസിക് ലാബിൽ നിന്ന് വിളിച്ച് വരുത്തണമെന്ന് വിചാരണ കോടതിയിൽ പ്രോസിക്യൂഷൻ. അനൂപിന്‍റെ ഫോണിൽ നിന്ന് ലഭിച്ച തെളിവുകളുമായി ഒത്തുനോക്കിയാൽ ഇക്കാര്യം വ്യക്തമാകും. ഇതിനിടെ കേസിൽ തുടരന്വേഷണത്തിന് സാവകാശം തേടി ക്രൈംബ്രാഞ്ച് സമർപ്പിച്ച ഹർജി ഹൈക്കോടതി നാളെ പരിഗണിക്കും. നടിയെ ആക്രമിച്ച് പകർത്തിയ ദൃശ്യങ്ങൾ കേസിലെ എട്ടാം പ്രതിയായ ദിലീപിന്‍റെ കൈവശമുണ്ടെന്ന് തെളിയിക്കാനാണ് ഫൊറൻസിക് ലാബിലെ ദൃശ്യങ്ങളുടെ ശബ്ദരേഖ ആവശ്യപ്പെട്ട് പ്രോസിക്യൂഷൻ വിചാരണ കോടതിയിൽ അപേക്ഷ നൽകിയത്.
ദിലീപിന്‍റെ അനിയൻ അനൂപിന്‍റെ മൊബൈൽ ഫോണുകളുടെ സൈബർ പരിശോധനയിലാണ് തെളിവ് ലഭിച്ചത്. നടിയെ ബലാത്സംഗ് ചെയ്യുന്ന ദൃശ്യങ്ങളുടെ സീൻ ബൈ സീനായി രേഖപ്പെടുത്തിയ വിവരണം ഫോണിലുണ്ടായിരുന്നു. ദൃശ്യങ്ങൾ കയ്യിലില്ലാത്ത ഒരാൾക്ക് ഇത്തരത്തിൽ വിവരങ്ങൾ കൃത്യമായി രേഖപ്പെടുത്താൻ ആകില്ല. അനൂപിനെ ചോദ്യം ചെയ്തപ്പോൾ അഭിഭാഷകരുടെ ഓഫീസിൽ നിന്ന് ഫോട്ടോകൾ കണ്ട് രേഖപ്പെടുത്തി എന്നായിരുന്നു മൊഴി. ഇത് വ്യാജമെന്ന് തെളിയിക്കാൻ ഫൊറൻസിക് ലാബിലെ ശബ്ദരേഖയും ഫോണിലെ തെളിവും ചേർത്ത് വച്ച് പരിശോധിക്കണമെന്ന നിലപാടിയിലാണ് പ്രോസിക്യൂഷൻ.
ഇതിനിടെ കേസിൽ അന്വേഷണം തുടരാൻ മൂന്നുമാസം സാവകാശം ആവശ്യപ്പെട്ട് ക്രൈംബ്രാഞ്ച് സീൽഡ് കവറിൽ ഹൈക്കോടതിയിൽ റിപ്പോർട്ട് നൽകി. കേസ് നാളെ പരിഗണിക്കുമെന്ന് ഹൈക്കോടതി വ്യക്തമാക്കിയതോടെ വിചാരണ കോടതിയിലെ കേസ് വ്യഴാഴ്ചത്തേക്ക് മാറ്റി. ദിലീപിന്‍റെ ജാമ്യം റദ്ദാക്കണമെന്ന ഹർജിയും ഇതിനൊപ്പം പരിഗണിക്കും.