കൊച്ചി: പി.വി അന്‍വര്‍ എംഎല്‍എയുടെ കൈവശമുള്ള മിച്ച ഭൂമി തിരിച്ചുപിടിക്കാനുള്ള നടപടി ഉടന്‍ പൂര്‍ത്തീകരിക്കണമെന്ന് ഹൈക്കോടതി നിർദ്ദേശം. ഭൂപരിഷ്‌ക്കരണം നിയമം ലംഘിച്ച് പിവി അന്‍വര്‍ എംഎല്‍എയും കുടുംബവും കൈവശം വെക്കുന്ന പരിധിയില്‍ കവിഞ്ഞ ഭൂമി തിരിച്ചുപിടിക്കണമെന്നാവശ്യത്തിൽ കൂടുതല്‍ സാവകാശം തേടി താമരശേരി ലാന്റ് ബോര്‍ഡ് ചെയര്‍മാന്‍ സമര്‍പ്പിച്ച സത്യവാങ്മൂലം തള്ളിയാണ് കോടതിയുടെ നിർദ്ദേശം. ജനുവരി നാലിന് കേസ് വീണ്ടും പരിഗണിക്കുമ്പോള്‍ നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിച്ചിരിക്കാൻ ജസ്റ്റിസ് രാജ വിജയരാഘവന്‍ ഇടക്കാല ഉത്തരവിട്ടു.
പി വി അൻവർ എംഎൽഎയും കുടുംബവും അനധികൃതമായി കൈവശം വച്ചിരിക്കുന്ന ഭൂമി തിരിച്ചുപിടിക്കണമെന്ന ഉത്തരവിൽ എന്ത് നടപടി സ്വീകരിച്ചു എന്നറിയിക്കാൻ സർക്കാരിന് ഹൈക്കോടതി നേരത്തെ നിർദേശം നൽകിയിരുന്നു. ആറു മാസത്തിനകം ഭൂമി തിരിച്ചുപിടിക്കണമെന്ന ഉത്തരവ് നടപ്പാക്കില്ലെന്ന് ആരോപിച്ചുളള കോടതിയലക്ഷ്യ ഹർജിയിലാണ് ഹൈക്കോടതിയുടെ നടപടി. പരിധിയില്‍ കവിഞ്ഞ ഭൂമി കൈവശം വെച്ചതിന് പി.വി അന്‍വർ എം.എല്‍.എക്കെതിരെ കേസെടുക്കണമെന്ന ലാന്റ് ബോര്‍ഡ് ഉത്തരവ് മൂന്ന് വര്‍ഷമായിട്ടും നടപ്പാക്കാത്തത് ചോദ്യം ചെയ്തായിരുന്നു ഹർജി നേരത്തെ ഹൈക്കോടതിയുടെ മുന്നിൽ എത്തിയത്. മിച്ച ഭൂമി കണ്ടുകെട്ടാൻ കഴിഞ്ഞ മാർച്ച് 24 കോടതി ഉത്തരവിട്ടുരുന്നു. ഇത് നടപ്പാകാതെ വന്നതോടെയാണ് കോടതിയലക്ഷ്യ ഹർജിയെത്തിയത്.