ദില്ലി : ഇന്ത്യയെയും ബംഗ്ലാദേശിനെയും തമ്മിൽ ബന്ധിപ്പിക്കുന്ന മൂന്നാമത് പാസഞ്ചർ ട്രെയിൻ സർവീസിന് ഇന്ന് തുടക്കം. ന്യൂ ജൽപൈഗുരി- ധാക്ക കന്റോൺമെന്റ് മിതാലി എക്സ്പ്രസ്, ഇരു രാജ്യത്തെയും റെയിൽവേ മന്ത്രിമാർ ചേർന്ന് ഫ്ലാഗ് ഓഫ് ചെയ്യും. റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ്, ബംഗ്ലാദേശ് റെയിൽവേ മന്ത്രി നൂറുൽ ഇസ്‌ലാം സുജോൻ എന്നിവർ വീഡിയോ കോൺഫറൻസിങ് മുഖേനയാണ് ഫ്ലാഗ് ഓഫ് ചെയ്യുന്നത്. ഡൽഹിയിലെ റെയിൽ ഭവനിലാണ് ചടങ്ങ് നിശ്ചയിച്ചിരിക്കുന്നത്.
ആഴ്ചയിൽ രണ്ട് ദിവസമാണ് ട്രെയിൻ സർവീസ് നടത്തുക. പശ്ചിമ ബംഗാളിലെ ന്യൂ ജൽപൈഗുരിയിൽ നിന്ന് 513 കിലോമീറ്റർ അകലെയുളള ധാക്ക കന്റോൺമെന്റിൽ ഒൻപത് മണിക്കൂർ കൊണ്ട് എത്തിച്ചേരാം. പുതിയ ട്രെയിൻ സർവീസ് ഇന്ത്യയും, ബംഗ്ലാദേശുമായുള്ള ഉഭയകക്ഷി വ്യാപാര ബന്ധവും, സാമൂഹ്യ-സാമ്പത്തിക പ്രവർത്തനങ്ങളും മെച്ചപ്പെടുത്തുമെന്ന് നോർത്ത് ഈസ്റ്റ് ഫ്രോണ്ടിയർ റെയിൽവേ വക്താവ് അറിയിച്ചു.