ദില്ലി : 2021ലെ സിവിൽ സർവീസസ് (മെയിൻ) പരീക്ഷ പാസായ എല്ലാവരെയും അഭിനന്ദിച്ച് പ്രധാനമന്ത്രി. “2021-ലെ സിവിൽ സർവീസസ് (മെയിൻ) പരീക്ഷ പാസായ എല്ലാവർക്കും അഭിനന്ദനങ്ങൾ. നാം ആസാദി കാ അമൃത് മഹോത്സവം ആഘോഷിക്കുമ്പോൾ, ഇന്ത്യയുടെ വികസന യാത്രയുടെ ഒരു സുപ്രധാന വേളയിൽ തങ്ങളുടെ ഭരണപരമായ ജീവിതം ആരംഭിക്കുന്ന ഈ ചെറുപ്പക്കാർക്ക് എന്റെ ആശംസകൾ.” പ്രധാനമന്ത്രി ട്വീറ്റിൽ അറിയിച്ചു.
തിങ്കളാഴ്ചയാണ് സിവിൽ സര്‍വീസ് പരീക്ഷാഫലം പ്രസിദ്ധീകരിച്ചത്. ആദ്യ നാല് റാങ്ക് നേടിയത് വനിതകളാണ്. ഒന്നാം റാങ്ക് ഉത്തർപ്രദേശ് സ്വദേശി ശ്രുതി ശര്‍മ്മയും രണ്ടാം റാങ്ക് അങ്കിത അഗര്‍വാളും മൂന്നും നാലും റാങ്ക് ഗമിനി സിംഗ്ലയും ഐശ്വര്യ വര്‍മ്മയും നേടി. ഇരുപത്തിയൊന്നാം റാങ്ക് മലയാളി ദിലീപ് കെ കൈനിക്കരയ്ക്കാണ്. 685 ഉദ്യോഗാർഥികളാണ് ആകെ യോഗ്യതാ പട്ടികയിൽ ഇടം പിടിച്ചത്. ശ്രുതി രാജലക്ഷ്മി, ആൽഫ്രഡ്, അവിനാശ്, ജാസ്മിന്‍, ടി സ്വാതി ശ്രീ, സി എസ് രമ്യ, അക്ഷയ്പിള്ള, അഖില്‍ വി മേനോന്‍, പി ബി കിരണ്‍ എന്നിവരാണ് ആദ്യ നൂറിലെത്തിയ മറ്റുമലയാളികൾ.