ന്യൂഡൽഹി: നാഷനൽ ഹെറാൾഡ് കേസിൽ കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയ്ക്കും രാഹുൽ ഗാന്ധിക്കും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് നോട്ടിസ് അയച്ചു. അടുത്ത ബുധനാഴ്ചയ്ക്കു മുൻപായി ഇരുവരും ചോദ്യം ചെയ്യലിന് ഹാജരാകണമെന്നാണ് ആവശ്യം. ബുധനാഴ്ചയ്ക്കു മുൻപായി സോണിയ ഗാന്ധി ഹാജരാകുമെന്ന് കോൺഗ്രസ് വൃത്തങ്ങൾ അറിയിച്ചു. കേന്ദ്ര സർക്കാർ രാഷ്ട്രീയവൈര്യം തീർക്കുകയാണെന്ന് കോൺഗ്രസ് ആരോപിച്ചു. കള്ളപ്പണ ഇടപാടിന് യാതൊരു തെളിവുമില്ല. ഒന്നും മറച്ചുവയ്ക്കാനുമില്ലെന്നും കോൺഗ്രസ് പ്രതികരിച്ചു.
നാഷനൽ ഹെറാൾഡ് പത്രത്തിന്റെ നടത്തിപ്പുകാരായിരുന്ന അസോഷ്യേറ്റഡ് ജേണൽ ലിമിറ്റഡിന്റെ (എജെഎൽ) ബാധ്യതകളും ഓഹരികളും യങ് ഇന്ത്യ ലിമിറ്റഡ് എന്ന കമ്പനി ഏറ്റെടുത്തതിൽ കള്ളപ്പണ ഇടപാട് നടന്നിട്ടുണ്ടോയെന്നാണ് ഇഡി അന്വേഷിക്കുന്നത്. കോൺഗ്രസ് നേതാക്കളായ മല്ലികാർജുൻ ഖാർഗെ, പവൻ ബൻസാൽ എന്നിവരെ കേസുമായി ബന്ധപ്പെട്ട് നേരത്തെ ചോദ്യം ചെയ്തിരുന്നു.
രാഹുൽ ഗാന്ധി, സോണിയ ഗാന്ധി, മോട്ടിലാൽ വോറ, ഓസ്കർ ഫെർണാണ്ടസ്, സുമൻ ദുബെ, സാം പിത്രോഡ എന്നിവർക്കെതിരെയാണ് 2012ൽ ബിജെപി നേതാവ് സുബ്രഹ്മണ്യൻ സ്വാമി പരാതി നൽകിയത്. സ്വാതന്ത്ര്യ സമരവുമായി ബന്ധപ്പെട്ട് ജവാഹർലാൽ നെഹ്‌റുവാണ് പത്രം തുടങ്ങിയത്. കോൺഗ്രസ് അധീനതയിലായിരുന്ന പത്രം 2008ൽ പ്രവർത്തനം അവസാനിപ്പിച്ചിരുന്നു.