കൊച്ചി: ബലാത്സംഗക്കേസിൽ വിജയ് ബാബുവിന്റെ ബുധനാഴ്ചത്തെ ചോദ്യംചെയ്യല്‍ പൂര്‍ത്തിയായി. ഒൻപത് മണിക്കൂറോളമാണ് ചോദ്യം ചെയ്തത്. വ്യാഴാഴ്ചയും ഹാജരാകണമെന്നു പൊലീസ് നിര്‍ദേശിച്ചിട്ടുണ്ട്. തനിക്കെതിരെയുള്ള കേസ് കെട്ടിച്ചമച്ചതാണെന്ന് വിജയ് ബാബു പറഞ്ഞു. പരസ്പര സമ്മതപ്രകാരമുള്ള ലൈംഗിക ബന്ധമായിരുന്നുവെന്നാണു മൊഴി. സിനിമയിൽ അവസരം നൽകാത്തതിലുള്ള വൈരാഗ്യമാണ് ഇപ്പോഴത്തെ പരാതിക്കു പിന്നിലെന്നും ഒളിവിൽ പോകാൻ ആരും സഹായിച്ചിട്ടില്ലെന്നും വിജയ് ബാബു മൊഴി നൽകി.
ഹൈക്കോടതി ഇടക്കാല മുൻകൂർ ജാമ്യം നൽകിയതോടെയാണ് ഒളിവിൽ പോയ വിജയ് ബാബു കൊച്ചിയിൽ തിരിച്ചെത്തിയത്. ദുബായിൽനിന്ന് നെടുമ്പാശേരിയിലേക്കുള്ള എമിറേറ്റ്സ് വിമാനത്തിലായിരുന്നു യാത്ര. നാട്ടിൽ എത്തിയാലുടൻ അന്വേഷണ ഉദ്യോഗസ്ഥനുമുന്നിൽ ഹാജരാകാൻ ഹൈക്കോടതി നിർദേശിച്ചതിനാൽ നേരെ കൊച്ചി സൗത്ത് പൊലീസ് സ്റ്റേഷനിലേക്കു പോവുകയായിരുന്നു. വഴി മധ്യേ ക്ഷേത്രദർശനവും നടത്തി. പത്തേമുക്കാലോടെ സൗത്ത് പൊലീസ് സ്റ്റേഷനിലെത്തി അന്വേഷണ ഉദ്യോഗസ്‌ഥനു മുന്നിൽ ഹാജരായി.
വിജയ് ബാബുവിനെ ചോദ്യം ചെയ്തശേഷം പൊലീസ് തുടർനടപടികളിലേക്ക് കടക്കും. സിനിമ മേഖലയിൽ ചിലർക്കുള്ള വ്യക്തിവിരോധമാണ് പരാതിക്ക് കാരണമെന്ന് ആരോപിച്ച് വിജയ് ബാബുവിന്റെ കുടുംബം കൊച്ചി കമ്മിഷണറെ കണ്ടിരുന്നു. അതിലും അന്വേഷണം നടക്കുകയാണ്. വിജയ് ബാബുവിന്റെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി നാളെ പരിഗണിക്കും.