ന്യൂഡൽഹി: അക്ഷയ് കുമാർ നായകനാകുന്ന ‘സാമ്രാട്ട് പൃഥ്വിരാജ്’ സിനിമയ്ക്കെതിരായ ഹർജി ഡൽഹി ഹൈക്കോടതി തീർപ്പാക്കി. ഒരു വിഭാഗത്തിന്റെയും വികാരങ്ങളെ ഹനിക്കാത്ത ചിത്രമാണ് തങ്ങളുടേതെന്ന് നിർമാതാക്കളായ യാഷ് രാജ് ഫിലിംസ് (വൈആർഎഫ്) ഹർജിക്കു മറുപടി നൽകിയതോടെ ഹർജിക്കാരനും തീർപ്പാക്കാൻ സമ്മതം അറിയിക്കുകയായിരുന്നു. സിനിമയിൽ രാജാവായ പൃഥ്വിരാജ് ചൗഹാനെ ചിത്രീകരിച്ചിരിക്കുന്നത് തെറ്റായാണെന്നായിരുന്നു ഹർജി.
സിനിമ എടുത്തിരിക്കുന്നത് ‘പൃഥ്വിരാജ് റാസോ’ എന്ന പുസ്തകത്തിൽനിന്നാണെന്നും അതിൽ പൃഥ്വിരാജ് ചൗഹാനെ ഗുർജർ പോരാളിയായാണ് ചിത്രീകരിച്ചിരിക്കുന്നതെന്നതിനാൽ സിനിമയിൽ രജ്പുത് രാജാവ് എന്ന പേരിൽ കാണിക്കുന്നതു തെറ്റാണെന്നുമായിരുന്നു ഹർജി. ഗുർജർ സമാജ് സർവ് സങ്കതൻ സഭാ ഏക്താ സമന്യ സമിതിയാണ് ഹർജി നൽകിയിരിക്കുന്നത്. ഇവർക്കുവേണ്ടി അഭിഭാഷകനായ രാകേഷ് കുമാറാണ് ഹാജരായത്.
കേന്ദ്ര ബോർഡ് ഓഫ് ഫിലിം സർട്ടിഫിക്കേഷനു വേണ്ടി ഹാജരായ അഡീഷനൽ സോളിസിറ്റർ ജനറൽ ചേതൻ ശർമയും സിനിമയിൽ പൃഥിരാജ് ചൗഹാനെ രജ്പുത് ആയോ ഗുർജർ ആയോ ചിത്രീകരിക്കുന്നില്ലെന്നും വാദത്തിനിടെ അറിയിച്ചു.പോസ്റ്റർ മാത്രമാണ് പുറത്തുവിട്ടതെന്നും അതിൽ രജ്പുത് എന്നോ ഗുർജർ എന്നോ വ്യക്തമാക്കിയിട്ടില്ലെന്നും നിർമാതാക്കൾ അറിയിച്ചു. അങ്ങനെയെങ്കിൽ ഹർജിയുമായി മുന്നോട്ടുപോകുന്നില്ലെന്ന് ഹർജിക്കാരനും വ്യക്തമാക്കി. ഇതേത്തുടര്‍ന്ന് ആക്ടിങ് ചീഫ് ജസ്റ്റിസ് വിപിൻ സംഘി, ജസ്റ്റിസ് സച്ചിൻ ദത്ത എന്നിവരുടെ ബെഞ്ച് ഹർജി തീർപ്പാക്കി.
ചന്ദ്രപ്രകാശ് ദ്വിവേദി സംവിധാനം ചെയ്ത സിനിമ ഈ വെള്ളിയാഴ്ച തിയറ്ററുകളിൽ എത്തും.നേരത്തേ, രാജാവിനോടുള്ള ബഹുമാന സൂചകമായി സാമ്രാട്ട് എന്ന സിനിമയുടെ പേരിനൊപ്പം ചേർക്കണമെന്ന ശ്രീ രജ്പുത് കർണിസേനയുടെ ആവശ്യം നിർമാതാക്കൾ പരിഗണിച്ചിരുന്നു. ഇതിനു പിന്നാലെ വൈആർഎഫ് സിനിമയുടെ പേരു മാറ്റിയിരുന്നു.