ദില്ലി: വിലക്കയറ്റവും, തൊഴിലില്ലായ്മയും, പണപ്പെരുപ്പവും മൂലം കേന്ദ്രസർക്കാരിനെതിരേയുള്ള ജനവികാരം വഴിതിരിച്ചു വിടാനുള്ള കുതന്ത്രമാണ് കോൺഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിക്കും രാഹുൽ ഗാന്ധിക്കും എതിരേയുള്ള ഇഡി നോട്ടീസെന്ന് എ ഐ സി സി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ എം പി. 2015ൽ ഇ ഡി തന്നെ അവസാനിപ്പിച്ച നാഷണൽ ഹെറാൾഡ് കേസ് യാതൊരു തുമ്പുമില്ലാതെ വീണ്ടും രാഷ്ട്രീയ ആയുധമാക്കി മാറ്റി കോൺഗ്രസ് നേതൃത്വത്തെ അപകീർത്തിപ്പെടുത്താനുള്ള ഗൂഢശ്രമം അമ്പേ പരാജയപ്പെടുമെന്നും വേണുഗോപാൽ പറഞ്ഞു.
സ്വാതന്ത്ര്യ സമര ചരിത്രത്തിൽ തങ്കലിപികളാൽ എഴുതപ്പെട്ട പാരമ്പര്യമുള്ള നാഷണൽ ഹെറാൾഡ് ദിനപത്രം, സ്വാതന്ത്ര്യ സമരത്തിൽ നിന്ന് മുഖം തിരിച്ച നടന്ന സംഘപരിവാർ പിന്മുറക്കാർക്കു ഇന്നും രാഷ്ട്രീയ വൈര്യം തീർക്കാനുള്ള അവസരമായിരിക്കുന്നുവെന്നതിൽ അദ്ഭുദമില്ല. നിയമപരമായ എല്ലാ വ്യവസ്ഥകളും പാലിച്ചു നടത്തപ്പെട്ട നാഷണൽ ഹെറാൾഡ് സ്ഥാപനത്തെ, തീർത്തും അവാസ്തവമായ കള്ളപ്പണക്കേസ് ആരോപിച്ചു കോൺഗ്രസ് നേതൃത്വത്തെ കരി വാരിതേക്കാനുള്ള ശ്രമമാണിത്. ഇതുവരെയുള്ള രാഷ്ട്രീയ പകപോക്കലുകൾ പരാജയപ്പെട്ടതിലുള്ള അമർഷമാണ് ഇത് വ്യക്തമാക്കുന്നത്. രാജ്യത്തിൻറെ ശബ്ദമായിരുന്നു നാഷണൽ ഹെറാൾഡിനെ നിശബ്ദമാക്കാൻ ബ്രിട്ടീഷ് സാമ്രാജ്യം ശ്രമിച്ചു പരാജയപ്പെട്ടത് പോലെ, ബിജെപിയുടെ അഹന്ത നിയമ വ്യവസ്ഥക്കും കോൺഗ്രസിന്റെ മുട്ടുമടക്കാത്ത പോരാട്ടത്തിന് മുന്നിലും പരാജയമടയുമെന്നും വേണുഗോപാൽ പ്രസ്താവനയിൽ പറഞ്ഞു.
2012ല്‍ മുന്‍ എംപി സുബ്രഹ്മണ്യവന്‍ സ്വാമി നല്‍കിയ പരാതിയില്‍ പത്ത് വര്‍ഷങ്ങള്‍ക്കിപ്പുറമാണ് ഇഡി തുടർ നടപടിെയടുത്തത്. നാളെ ഹാജരാകാനാണ് രാഹുല്‍ ഗാന്ധിക്ക് നോട്ടീസ്. സോണിയ ഗാന്ധി ബുധനാഴ്ച ഹാജരാകണം.വിദേശത്തായതിനാല്‍ അഞ്ചിന് ശേഷമേ ഹാജരാകാന്‍ കഴിയൂയെന്ന് രാഹുല്‍ഗാന്ധി അറിയിച്ചിട്ടുണ്ട്. കള്ളപ്പണ നിരോധന നിയമത്തിലെ ക്രിമിനല്‍ വകുപ്പുകളുടെ അടിസ്ഥാനത്തില്‍ മൊഴി രേഖപ്പെടുത്താന്‍ ഹാജരാകണമെന്നാണ് നോട്ടീസില്‍ പറയുന്നത്. നാഷണല്‍ ഹെറാള്‍ഡ് ദിനപത്രത്തിന്‍റെ ഉടമസ്ഥരായ അസോസിയേറ്റഡ് ജോണല്‍സ് ലിമിറ്റഡ് എന്ന കമ്പനിയെ സോണിയ ഗാന്ധിയും രാഹുല്‍ ഗാന്ധിയും ഡയറക്ടര്‍മാരായ യങ് ഇന്ത്യ എന്ന കമ്പനി ഏറ്റെടുത്തതില്‍ കള്ളപണ ഇടപാട് നടന്നുവെന്നാണ് കേസിനാസ്പദമായ പരാതി. 2015ല്‍ കേസ് ഇഡി അവസാനിപ്പിച്ചതാണെന്നും പുതിയ ഉദ്യോഗസ്ഥരെ ഇറക്കി സമ്മര്‍ദ്ദത്തിലാക്കാനാണ് കേന്ദ്ര സര്‍ക്കാര്‍ ശ്രമമെന്നും സോണിയ ഗാന്ധിയുടെ അഭിഭാഷകനും, കോണ്‍ഗ്രസ് നേതാവുമായ മനു അഭിഷേക് സിംഗ് വി പറഞ്ഞു.
സോണിയ ഗാന്ധിയും രാഹുല്‍ ഗാന്ധിയും ഏതാനും കോണ്‍ഗ്രസ് നേതാക്കളും ഡയറക്ടര്‍മാരായി 5 ലക്ഷം രൂപ മൂലധനവുമായി രൂപീകരിച്ച യങ് ഇന്ത്യ എന്ന കമ്പനി രണ്ടായിരം കോടി രൂപയിലേറെ ആസ്തിയുള്ള അസോസിയേറ്റഡ് ജേര്ണ്ണല്‍ എന്ന കമ്പനി തട്ടിയെടുത്തുവെന്നാണ് സു്ബ്രഹമ്ണ്യന്‍ സ്വാമിയുടെ പരാതി. വെറും അന്‍പത് ലക്ഷം രൂപയേ ഇടപാടിനായി നല്‍കിയുള്ളൂവെന്നും പരാതിയിലുണ്ട്. ദില്ലി കോടതിയില്‍ സുബ്രഹ്മണ്യന്‍ സ്വാമി നല്‍കിയ പരാതിയില്‍ ഹാജരാകാന്‍ സോണിയക്കും, രാഹുലിനും ഹാജരാകാന്‍ നോട്ടീസ് നല്‍കിയിരുന്നു.കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഗാന്ധി കുടുംബം നല്‍കിയ ഹര്‍ജിയും കോടതിയുടെ പരിഗണനയിലുണ്ട്.യങ് ഇന്ത്യയെ ട്രസ്റ്റായി പരിഗണിക്കണമെന്ന ആവശ്യം നേരത്തെ നികുതി ട്രൈബ്യൂണല്‍ തള്ളിയിരുന്നു.