കൊച്ചി : തൃക്കാക്കര ഉപതെരഞ്ഞെടുപ്പിന്റെ ജനവിധി അറിയാന്‍ ഇനി ഇരുപത്തിനാല് മണിക്കൂറിന്റെ മാത്രം കാത്തിരിപ്പ്. നാളെ രാവിലെ എട്ട് മണിക്ക് എറണാകുളം മഹാരാജാസ് കോളജിലെ കൗണ്ടിംഗ് സെന്ററില്‍ വോട്ടെണ്ണല്‍ തുടങ്ങും. എട്ടര മണിയോടെ ആദ്യ സൂചനകളും പന്ത്രണ്ട് മണിയോടെ അന്തിമഫലവും എത്തും. വന്‍ ജയപ്രതീക്ഷയിലാണ് മൂന്ന് മുന്നണികളിലെയും സ്ഥാനാർത്ഥികൾ.
239 ബൂത്തുകളിലായി 1,35,342 വോട്ടര്‍മാര്‍ രേഖപ്പെടുത്തിയ വോട്ടുകള്‍ എണ്ണിത്തീരുമ്പോള്‍ തൃക്കാക്കരയുടെ പുതിയ എംഎല്‍എ ആരെന്ന് തെളിയും. എട്ട് മണിയോടെ സ്ട്രോങ് റൂം തുറക്കും. ആദ്യം എണ്ണുക പോസ്റ്റല്‍ ബാലറ്റുകളും സര്‍വീസ് ബാലറ്റുകളും. പിന്നാലെ ഇലക്ട്രോണിക് വോട്ടിങ് യന്ത്രങ്ങള്‍ എണ്ണി തുടങ്ങും. ഒരു റൗണ്ടില്‍ 21 വോട്ടിങ് മെഷീനുകള്‍ എണ്ണി തീര്‍ക്കും. അങ്ങിനെ പതിനൊന്ന് റൗണ്ടുകള്‍ പൂര്‍ത്തിയാകുന്നതോടെ ചിത്രം വ്യക്തമാകും തെളിയും. കോര്പറേഷന് പരിധിയിലെ ബൂത്തുകളാകും ആദ്യം എണ്ണുക. പരമ്പരഗതമായി യുഡിഎഫിനൊപ്പം നില്ക്കുന്ന ഇടപ്പളളി, പാലാരിവട്ടം, വെണ്ണല, വൈറ്റില മേഖലകളിലൂടെയാവും ഓരോ റൗണ്ടും പുരോഗമിക്കുക. ആദ്യ നാല് റൗണ്ടുകള്‍ പിന്നിടുമ്പോള്‍ രണ്ടായിരത്തി അഞ്ഞൂറ് വോട്ടിന്റെയെങ്കിലും ലീഡ് ഉമ തോമസിനെങ്കില്‍ വിജയം യുഡിഎഫിനെന്ന് ഉറപ്പിയ്ക്കാം.
എന്നാല്‍, ലീഡ് ആയിരത്തിനും താഴെയെങ്കില്‍ ഇതിനെ അട്ടിമറി സൂചനയായി കാണേണ്ടി വരും. അങ്ങിനെ വന്നാല്‍ ഏഴ് മുതല്‍ പതിനൊന്ന് വരെ റൗണ്ടുകള്‍ നിര്‍ണായകമാകും. തൃക്കാക്കര മുന്‍സിപ്പാലിറ്റിയിലെ വോട്ടുകളാണ് അവസാന റൗണ്ടുകളില്‍ എണ്ണുക. മികച്ച വിജയമെന്ന ആത്മവിശ്വാസമാണ് അന്തിമ വിശകലനത്തിനൊടുവിലും യുഡിഎഫും എല്‍ഡിഎഫും പങ്കുവയ്ക്കുന്നത്. ബിജെപിയാകട്ടെ നില മെച്ചപ്പെടുത്തുമെന്ന പ്രതീക്ഷയിലും.